Skip to main content

ലഹരിക്കെതിരെ വലവിരിച്ച് എക്‌സൈസ് വകുപ്പ്

 

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് നടപടി ശക്തമാക്കി. ചെറുകോല്‍പ്പുഴ, മാരാമണ്‍, മഞ്ഞനിക്കര തീര്‍ത്ഥാടനകാലത്തിന്റ പശ്ചാത്തലത്തിലാണ് ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടപടികള്‍ ശക്തമാക്കുന്നത്. ഇതിന് വിവിധ വകുപ്പുകളുടെയും സഹായം തേടും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്ക്കരണ ക്ലാസുകള്‍ നടത്തുന്നവര്‍ക്ക് ഏകീകൃത പരിശീലനം നടത്തും. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരേയും ജില്ലാ ലഹരിവിരുദ്ധ സമിതി അംഗങ്ങളേയും ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കാനും പരാതികളും വിവരങ്ങളും നിര്‍ദേശങ്ങളും പെട്ടെന്ന് കൈമാറാനുള്ള നടപടികളും സ്വീകരിക്കും. രൂപം മാറിവരുന്ന ലഹരിവസ്തുകള്‍ക്കെതിരെ ജാഗ്രത വേണം. അനധികൃത ലഹരി വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കരുതെന്നും വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 

എഡിഎം പി.ടി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കഴിഞ്ഞ ഒരുമാസം ജില്ലയില്‍ നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ ഏഴ് എക്‌സൈസ് റേഞ്ച് പരിധികളിലായി 787 റെയ്ഡുകള്‍ നടത്തി. 71 അബ്കാരികേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്തു. 31 എന്‍ഡിപിഎസ് കേസുകളും 324 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു. എട്ട് ലിറ്റര്‍ ചാരായവും 104 ലിറ്റര്‍കോടയും പിടിച്ചെടുത്തു. 1.658 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. 212.5 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങളും കണ്ടെത്തി. 30 ലിറ്റര്‍ കള്ളും 96 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു. 2829 വാഹനങ്ങള്‍ പരിശോധിച്ച് മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ജില്ലയില്‍ 133 വിമുക്തി ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.എസ് രഞ്ജിത്ത്, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ അന്‍സാരി ബീഗു, റാന്നി ആര്‍.എഫ്.ഒ തോമസ്‌ജോണ്‍, നാര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐ എസ് ജലാലുദ്ദീന്‍, കെ.എസ്.ബി.സി പ്രതിനിധി എസ്.വി സന്തോഷ്‌കുമാര്‍, കണ്‍സ്യൂമര്‍ ഫെഡ് പ്രതിനിധി ടി.കെ വിമല്‍, എച്ച്.ആര്‍.എം.പി ആനി ജേക്കബ്, കോന്നി വനംവകുപ്പ് പ്രതിനിധി ജി.സന്തോഷ്‌കുമാര്‍ , ഡി.ഇ.ഒ ജിജിസാം, ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് രാജമ്മ സദാനന്ദന്‍, വാളകംജോണ്‍, ജോണ്‍സ് യോഹന്നാന്‍, സര്‍വ്വോദയമണ്ഡലം ഭേഷജം പ്രസന്നകുമാര്‍, ബേബിക്കുട്ടി ഡാനിയേല്‍ , കേരള മദ്യവര്‍ജനസമിതി സംസ്ഥാന പ്രസിഡന്റ് സോമന്‍ പാമ്പായിക്കോട്, കേരള മദ്യനിരോധന സംഘം ജില്ലാ പ്രസിഡന്റ് ജയചന്ദ്രന്‍ ഉണ്ണിത്താന്‍, എം. അബ്ദുള്‍കലാം ആസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.           (പിഎന്‍പി 376/19)

date