Skip to main content
കട്ടപ്പന ബ്ലോക്കിന്റെ സൗജന്യ കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിക്കുന്നു.

കട്ടപ്പന ബ്ലോക്കിന്റെ സൗജന്യകലാ  പരിശീലന പരിപാടിയ്ക്ക്  തുടക്കമായി

 

കലാവാസനകളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന കലാസാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സൗജന്യ കലാപരിശീലന പരിപാടിക്ക് തുടക്കമായി. പഴയ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വ്വഹിച്ചു. വിവിധ സാഹചര്യങ്ങളാല്‍ കലയിലുള്ള തങ്ങളുടെ അഭിരുചി പരിപോഷിപ്പിക്കാന്‍ സാധിക്കാത്ത മുതിര്‍ന്നവര്‍ക്കും കലയുടെ ലോകത്തേക്ക് പിച്ചവയ്ക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി ഒരു പോലെ പ്രയോജനപ്പെടുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. മോഹിനിയാട്ടം, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം, പെയിന്റിംഗ്, ശില്പകല എന്നീ ഇനങ്ങളിലാണ് പരിശീലനം നല്കുന്നത്. ബ്ലോക്ക് പരിധിയിലുള്ള വിവിധ പഞ്ചായത്തുകളിലെ അഞ്ചു കേന്ദ്രങ്ങളിലായി ആഴ്ചയില്‍ നാല് ക്ലാസുകളാണ് നല്കുന്നത്. തികച്ചും സൗജന്യമായ കലാപരിശീലനത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.   സാംസ്‌കാരിക വകുപ്പിന്റെ ഫെലോഷിപ്പ് നേടിയിട്ടുള്ള അക്കാദമിക് യോഗ്യതയുള്ള കലാകാരന്‍മാരാണ് പരിശീലനം നല്കുന്നത്. സാംസ്‌കാരിക വകുപ്പ് 10,000 രൂപയും ബ്ലോക്ക് വിഹിതം 5000 രൂപയും ചേര്‍ത്ത് പ്രതിമാസം 15000 രൂപ വീതമാണ് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കുന്നത്.  

 

ഉദ്ഘാടന യോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി .കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബി ഡി ഒ ഷാഫി പ്രസാദ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാരായ  രാജേന്ദ്രന്‍ മാരിയില്‍, സന്ധ്യ രാജ, കുട്ടിയമ്മ സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കാഞ്ചിയാര്‍ രാജന്‍, രാജേഷ് കുഞ്ഞുമോന്‍, ഇന്ദിരാ ശ്രീനി, അമ്പിളി വി.ജി, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മോബിന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു. പരിശീലനാര്‍ത്ഥികള്‍, അധ്യാപകര്‍, വിവിധ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന്  കലാധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി.

date