Skip to main content

ജലമാണ് ജീവന്‍ ശില്‍പശാല ഇന്ന് (2)

 

ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ നടന്നിട്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി  'ജലമാണ് ജീവന്‍' ജില്ലാതല ശില്‍പ്പശാല സംഘടിപ്പിക്കും. ഇന്ന് രാവിലെ 10 ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ വീണാജോര്‍ജ് എംഎല്‍എ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് ക്യാമ്പയിന്‍ അവതരണം നടത്തും. 

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കൃഷി, മാലിന്യ സംസ്‌കരണം എന്നീ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഒറ്റപ്പെട്ട രീതിയിലും നടന്നിട്ടുള്ള മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അവതരണം ശില്‍പശാലയില്‍ നടത്തും. കൂടാതെ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തും. ജില്ലയില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം ഉളവാക്കുന്നതായിരിക്കും 'ജലമാണ് ജീവന്‍' ശില്‍പ്പശാല. ജില്ലാതല ശില്പശാലയില്‍ നിന്നും വിദഗ്ധ സമിതി  നോമിനേറ്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന ജല സംഗമം പരിപാടിയില്‍ അവതരിപ്പിക്കാനും അവസരം ലഭിക്കും. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നില്‍ അവതരണം നടത്തുന്നതിനും രാജ്യത്തെ ജലസംരക്ഷണ പ്രവര്‍ത്തന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനും സംസ്ഥാന ജല സംഗമം വേദിയാകും.

         (പിഎന്‍പി 395/19)

date