Skip to main content

ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമ ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

ജലസ്രോതസുകള്‍ സംരക്ഷിക്കുകയെന്നത് പൊതുസമൂഹത്തിന്റെ കടമയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ഹരിത കേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ നടന്നിട്ടുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി സംഘടിപ്പിച്ച 'ജലമാണ് ജീവന്‍' ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ജലാശയ സംരക്ഷണത്തെകുറിച്ച് കൂടുതല്‍ ബോധവാന്മാരാക്കുന്നതാണ്. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശില്‍പശാല പ്രചോദനമാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് 'ജലമാണ് ജീവന്‍' ക്യാമ്പയിന്‍ വിശദീകരിച്ചു. 

മൈനര്‍ ഇറിഗേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനിയര്‍ സി. രാജശേഖരന്‍പിള്ള, ഇറിഗേഷന്‍ സബ് ഡിവിന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ബിനുബേബി, പി.എന്‍ ശോഭന, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ ഡി. ആനന്ദബോസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ കെ.എം ശോശാമ്മ തുടങ്ങിയവര്‍ വിവിധ വകുപ്പുകളുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കൃഷി, മാലിന്യ സംസ്‌കരണം എന്നീ മേഖലകളെക്കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ഒറ്റപ്പെട്ട രീതിയിലും നടന്നിട്ടുള്ള മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അവതരണം ശില്‍പ്പശാലയില്‍ ശ്രദ്ധേയമായി. കൂടാതെ വിവിധ വകുപ്പുകള്‍ ഈ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും ശില്‍പ്പശാല വിലയിരുത്തി. 

പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ശിവപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായ് മോഹന്‍, ജില്ലാപഞ്ചായത്ത് അംഗം എസ്.വി സുബിന്‍,  അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.           (പിഎന്‍പി 414/19)

date