Skip to main content

ജില്ലയില്‍ 90234 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

കാക്കനാട് - എറണാകുളം ജില്ലയില്‍ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട 90234 അപേക്ഷകള്‍ തീര്‍പ്പാക്കി വിതരണം നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആകെ ലഭിച്ച 1.60 ലക്ഷം അപേക്ഷകളില്‍ 1.45 ലക്ഷത്തിലും നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രളയത്തില്‍ കാര്‍ഡുകള്‍ നഷ്ടമായ 1497 കുടുംബങ്ങള്‍ക്ക് പകരം കാര്‍ഡുകളും നല്‍കി. കുന്നത്തുനാട് താലൂക്കിലാണ് റേഷന്‍ കാര്‍ഡിനായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് - 23436. ഏറ്റവും കുറവ് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിലാണ് - 11325. സപ്ലൈ ഓഫീസുകളില്‍ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയുമാണ്  അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. തുടര്‍ന്നുള്ള അപേക്ഷകള്‍ അക്ഷയ ഓഫീസ് വഴി സ്വീകരിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതുവരെ തീര്‍പ്പാക്കിയ അപേക്ഷകളുമായി ബന്ധപ്പെട്ട കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി കൈപ്പറ്റാവുന്നതാണ്.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കൊച്ചി - കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും മണിഓര്‍ഡറായും ബാങ്ക് മുഖേനയും പെന്‍ഷന്‍ കൈപറ്റുന്നവര്‍ 20.02.2019 തിയതിക്ക് മുന്‍പായി  പെന്‍ഷന്‍ ബുക്കുമായി ജില്ലാ ഓഫീസില്‍  നേരില്‍ ഹാജരാക്കുകയോ, അല്ലായെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്മാരില്‍  നിന്നോ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥന്‍  മാരില്‍നിന്നോ  പെന്‍ഷന്‍  നമ്പര്‍  ( RP/FP7/..  )    രേഖപ്പെടുത്തിയ  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇപ്രകാരം ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുകയുള്ളു. എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

ബയോഗ്യാസ് പ്ലാന്റുകൾക്ക് സബ്സിഡി

കാക്കനാട്: പച്ചച്ചാണകത്തിൽനിന്നും  പാചകവാതകം ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റ് നിർമ്മിക്കുന്നതിന് കൃഷിഭവൻ മുഖേന സബ്സിഡി നൽകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.  പ്ലാന്റൊന്നിന് പരമാവധി 12000 രൂപ സബ്സിഡി ലഭിക്കും.  താൽപര്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം. 

 

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ഫെബ്രു 06ന്

കാക്കനാട് - സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ സിറ്റിംഗ് ഫെബ്രുവരി 06ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എറണാകുളം ജില്ലയില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കും

പ്രൊജക്ട് ഹോപ് ഏകദിന ശില്പശാല

നെടുമ്പാശ്ശേരി: പ്രളയത്തെ തുടർന്ന്  മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ കണ്ടെത്തുന്നതിനും ആവശ്യമായ പിന്തുണ നൽകുന്നതിനുമായി ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അംഗൻവാടി ടീച്ചർമാർക്കും സന്നദ്ധ പ്രവർത്തകർക്കും ഏകദിന ശിൽപശാല നടത്തി. യൂണിസെഫിന്റെ കീഴിലുള്ള പ്രൊജക്ട് ഹോപ്പിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രളയത്തെ തുടർന്ന് മാനസിക പ്രശ്നങ്ങൾ നേരിടുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 40 കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം. 

വേണ്ടപ്പെട്ടവരുടെ മരണം, അപകടം, വീട് നഷ്ടപ്പെടുക, സ്ഥലം നഷ്ടപ്പെടുക തുടങ്ങി പല കാരണങ്ങൾ കൊണ്ടും പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികൾ മാനസിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ വീട്ടുകാർക്കിത് തക്ക സമയത്ത് മനസിലാക്കാനോ പരിഗണന നൽകാനോ കഴിയാറില്ല. ഇത്തരം മാനസിക സമ്മർദ്ദങ്ങൾ വർധിച്ച് കുട്ടികളുടെ മാനസിക വളർച്ചയെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. ഇത് മുൻകൂട്ടി കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനുമാണ് പ്രൊജക്ട് ഹോപ്പ് ലക്ഷ്യമിടുന്നത്. ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ 40 കുട്ടികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുന്നത്.  ഭാവിയിൽ ഇത്തരം പ്രകൃതിദുരന്തങ്ങൾ ആവർത്തിച്ചാൽ മാനസികമായി എങ്ങനെ നേരിടാമെന്ന പരിശീലനവും കുട്ടികൾക്ക് നൽകും. ശില്പശാലയിൽ പങ്കെടുത്തവരിൽ നിന്നും 10 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഇതിൽ നിന്നും രണ്ടു പേർക്ക് ആലുവയിൽ ജില്ലാ പോലീസ് ആസ്ഥാനത്തു നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കണം. ഇവരായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുക. 

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി. എം. ആശ, ടി.വി.അഞ്ജലി എന്നിവർ ക്ലാസുകൾ നയിച്ചു.ചെങ്ങമനാട് എസ്.ഐ  സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബി.ചന്ദ്രശേഖര വാര്യർ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സംഗീത സുരേന്ദ്രൻ, സി.എസ്.രാധാകൃഷ്ണൻ, ഷീന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ചെങ്ങമനാട് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ചെങ്ങമനാട്, കുന്നുകര പ്രദേശങ്ങളിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

 

എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ അഭിമുഖം

കാക്കനാട് -  ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഫെബ്രുവരി 08 ന് അഭിമുഖം നടത്തും. യോഗ്യത ITI/ Diploma (Electronics) / B.Tech (EC), ബിരുദം, പ്രായം  18 -35. താത്പര്യമുള്ളവർ ബയോഡാറ്റയും, തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 08/02/2019 രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 / 2427494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

 

അമൃത് പദ്ധതി സര്‍വെ

കൊച്ചി - അമൃത് നഗരം പദ്ധതി പ്രകാരം കൊച്ചി നഗരസഭാ പ്രദേശത്തിന്‍റെ ജിഐഎസ് അടിസ്ഥാനമാക്കിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വെ നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. ഐടിഐ, ഐടിസി ചെയിന്‍സര്‍വെയാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ മേഖലാ നഗരാസൂത്രണ കാര്യാലയം, ഡിപിസി സെക്രട്ടേറിയറ്റ്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഇ മെയില്‍ amrutcitykochi@gmail.com. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 08. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2427223

 

സ്നേഹധാര - നഴ്സ്

കൊച്ചി - പിറവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാന പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നു. എസ്എസ്എല്‍സിയും അംഗീകൃത ആയുര്‍വേദ നഴ്സിംഗ് യോഗ്യതയുമുള്ളവര്‍ ഫെബ്രുവരി 07ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകയും സഹിതം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

 

അപേക്ഷ ക്ഷണിച്ചു

കൊച്ചി: തിരുവനന്തപുരം ജില്ലയിലെ ഞാറനീലി, കുറ്റിച്ചല്‍ എന്നീ സ്ഥലങ്ങളില്‍ പട്ടികവര്‍ഗ വികസന വകുപ്പിന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, ജി.കാര്‍ത്തികേയന്‍ മെമ്മോറിയല്‍ സി.ബി.എസ്.ഇ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് 2019-20 വര്‍ഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ജില്ലയിലെ പട്ടികവര്‍ഗത്തിലും, മറ്റ് സമുദായങ്ങളില്‍പ്പെടുന്നവരുമായ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ബാധകമല്ല. പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ അപേക്ഷ, ജാതി, വരുമാനം, കുട്ടിയുടെ പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ്  ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താക്കള്‍ തങ്ങള്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖല ജീവനക്കാരല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നിര്‍ബന്ധമായും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

date