Skip to main content

പ്രത്യേക പത്രക്കുറിപ്പ്  ജില്ലയില്‍ 4710 രോഗികള്‍ക്ക്  53 കോടി രൂപ കാരുണ്യധനസഹായം നല്‍കി

 

 

ഗുരുതര രോഗങ്ങള്‍ പിടിപെട്ട ജില്ലയിലെ 4710 പേര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കഴിഞ്ഞമാസം വരെ കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിപ്രകാരം ചികിത്സാധനസഹായം നല്‍കിയെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ബെന്നി ജോര്‍ജ് അറിയിച്ചു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സയ്ക്ക് ധനസഹായം ലഭ്യമാക്കുന്നതിനുള്ള ചികിത്സാധനസഹായ പദ്ധതിയാണ് കാരുണ്യ ബനവലന്റ് ഫണ്ട്. വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് കാരുണ്യസഹായ പദ്ധതി രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായി ഉയര്‍ത്തി. ഹൃദ്രോഗം, കാന്‍സര്‍, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ പിടിപെട്ട ചികിത്സ നടത്താന്‍ പണമില്ലാതെ വിഷമിച്ചിരുന്ന അനേക രോഗികള്‍ ഈ ചികിത്സാസഹായ പദ്ധതിയുടെ സഹായത്താല്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. സമയബന്ധിതമായും സുതാര്യമായും നടത്തുന്ന ഈ പദ്ധതി വലിയ വിജയമാണ്. ജില്ലാകളക്ടര്‍ ചെയര്‍മാനായും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് ജില്ലാതല സമിതിയാണ് ചികിത്സാധനസഹായം ശുപാര്‍ശ ചെയ്യുന്നത്. കാരുണ്യചികിത്സ ധനസഹായത്തിനുള്ള അപേക്ഷകള്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ സ്വീകരിക്കും. 

പ്രളയദുരിതാശ്വാസത്തിനും നവകേരള നിര്‍മിതിക്കുമായി ഭാഗ്യക്കുറി വകുപ്പ് ഏര്‍പ്പെടുത്തിയ നവകേരള ഭാഗ്യക്കുറിയിലൂടെ 36.10 കോടി രൂപ സമാഹരിച്ചു. ഇതില്‍ 16.57 കോടി രൂപ അറ്റാദായമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിറ്റുവരവിന്റെ പത്ത് ശതമാനത്തോളം സമ്മാനത്തില്‍ വര്‍ധനവ് വരുത്തുകയും ലോട്ടറിയില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്തു. 2016-17 സാമ്പത്തിക വര്‍ഷം 181 കോടി രൂപയും 2017-18ല്‍ 271 കോടി രൂപയും ഈ വര്‍ഷം ജനുവരി മാസം വരെ 263 കോടി രൂപയും ജില്ലയില്‍ ശേഖരിച്ചു. ലോട്ടറിയില്‍ നിന്നുള്ള നികുതി വരുമാനം ജിഎസ്ടി പദ്ധതി മുഖാന്തിരം ആക്കുകയും ചെയ്തു. ജില്ലയില്‍ ഏകദേശം 3313 രജിസ്റ്റേര്‍ഡ് ഏജന്റുമാരും 10000 വില്‍പ്പനക്കാരും ഉപജീവന മാര്‍ഗമായി സംസ്ഥാന ഭാഗ്യക്കുറിയെ ആശ്രയിച്ചു കഴിയുന്നു.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ വ്യാജപതിപ്പുകള്‍ തടയുന്നതിനായി എല്ലാ ടിക്കറ്റുകളിലും അഞ്ച്തരം സുരക്ഷാസംവിധാനങ്ങളും, ടിക്കറ്റുകള്‍ വ്യാജനല്ലെന്ന് ഉറപ്പുവരുത്തുന്നതിലേയ്ക്കായി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സെക്യൂരിറ്റി സംവിധാനവും ഏര്‍പ്പെടുത്തി. അനധികൃത അന്യസംസ്ഥാന ലോട്ടറി നിയന്ത്രിക്കുന്നതിലേയ്ക്കായി ലോട്ടറി നിയന്ത്രണ നിയമ ഭേദഗതി കൊണ്ടുവന്നു. എല്ലാമാസവും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നിരീക്ഷണസമിതി യോഗം ചേരുന്നുണ്ട്.

2016-17, 2018-19 വര്‍ഷങ്ങളില്‍ ക്ഷേമനിധി ബോര്‍ഡ് ജില്ലയില്‍ പുതുതായി 564 പേര്‍ക്ക് അംഗത്വം നല്‍കി. ഉന്നതവിദ്യാഭ്യാസം നടത്തുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് പ്രകാരം 31 കുട്ടികള്‍ക്ക് 3,17,000 രൂപ നല്‍കി. എസ്എസ്എല്‍സി/എച്ച്എസ്‌സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ 17 കുട്ടികള്‍ക്കായി 32500 രൂപ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കി. ഒന്‍പത് ക്ഷേമനിധി അംഗങ്ങളുടെ പെണ്‍മക്കള്‍ക്ക് 45000 രൂപ വിവാഹധനസഹായം നല്‍കി. മരണാനന്തര ധനസഹായമായി 20 കുടുംബങ്ങള്‍ക്ക് 11.50,000 രൂപ നല്‍കി. 

2016-19 കാലയളവില്‍ ബോണസായി 17,59,9500 രൂപ നല്‍കി. 2016-19 കാലയളവില്‍ 1,18,5750 രൂപ പെന്‍ഷന്‍ നല്‍കി. വഴിയോര ഭാഗ്യക്കുറി വില്‍പ്പനക്കാരായ 99 പേര്‍ക്ക് ബീച്ച് അമ്പ്രല്ല നല്‍കി. ക്ഷേമനിധി അംഗങ്ങളായ 1176 പേര്‍ക്ക് യൂണിഫോം നല്‍കി. വികലാംഗരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കി. 

സംസ്ഥാനത്ത് നികുതിയിതര വരുമാനത്തില്‍ പ്രഥമസ്ഥാനമാണ് ഭാഗ്യക്കുറി വകുപ്പിന്. വകുപ്പിന്റെ കീഴില്‍ ഒരു ജില്ലാ ഓഫീസറും ഒരു സബ് ഓഫീസുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഭാഗ്യക്കുറി ഓഫീസ് പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനിലും ഭാഗ്യക്കുറി സബ് ഓഫീസ് അടൂര്‍ റവന്യൂ ടവറിലും സ്ഥിതി ചെയ്യുന്നു. ജില്ലാ ഓഫീസിലെ തിരക്ക്മൂലം ബുദ്ധിമുട്ടുന്ന ഏജന്റുമാരെ പരിഗണിച്ച് 18 പുതിയ സബ് ഓഫീസുകള്‍ തുടങ്ങുകയും ജില്ലയിലെ അടൂരില്‍ സബ് ഓഫീസ് സ്ഥാപിക്കുകയും കൂടുതല്‍ ഏജന്റുമാര്‍ക്ക് നേരിട്ട് ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. 

date