Skip to main content

ആരോഗ്യജാഗ്രത ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 9ന് പറവൂരിൽ

കൊച്ചി: പകർച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ 2018 മുതൽ നടപ്പിലാക്കിയ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2019 ഫെബ്രുവരി 9 ന് ശനിയാഴ്ച രാവിലെ 10.30 ന് പറവൂർ നഗരസഭ കാര്യാലയത്തിന് സമീപമുള്ള പഴയ പാർക്കിൽ വച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. പറവൂർ എംഎൽഎ വി.ഡി സതീശൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

പകർച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശയാത്രയ്ക്ക് ചടങ്ങിൽ തുടക്കമാകും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പറവൂർ നഗരത്തിൽ വിളംബര റാലിയും നടക്കും. ഉദ്ഘാടന വേദിയിൽ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ബോധവത്കരണ പ്രദർശനവും ഒരുക്കുന്നതാണ്.

സംസ്ഥാനത്തെ മാലിന്യവിമുക്തമാക്കിയും ജനങ്ങളിൽ ആരോഗ്യ ശുചിത്വ ശീലങ്ങൾ വളർത്തിയും പകർച്ചവ്യാധി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം ആരംഭിച്ച ആരോഗ്യ ബോധവൽക്കരണ പരിപാടി ആണ് ആരോഗ്യജാഗ്രത. 2018ൽ ജില്ലയിൽ വലിയൊരു പ്രളയം ഉണ്ടായിട്ടുപോലും പകർച്ച വ്യാധികളിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ നേട്ടമാണ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യക്തികളുടെയും കുടുംബങ്ങളുടെയും വ്യാപാരികളുടെയും സംഘടനകളുടെയും മറ്റും പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ആരോഗ്യ ശീലങ്ങൾ ജീവിതരീതിയുടെ ഭാഗമാക്കി രോഗ പ്രതിരോധവും നിയന്ത്രണവും കാര്യക്ഷമമാക്കുകയാണ് ആരോഗ്യജാഗ്രതയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ തലങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖയും ലഭ്യമാക്കിയിട്ടുണ്ട്.

വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, ജലജന്യരോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കരോഗം തുടങ്ങിയവയാണ് ജില്ലയിൽ പൊതുവേ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻകാലങ്ങളിൽ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടത്തുക. ജനപങ്കാളിത്തത്തോടുകൂടി വീടുകൾ, പൊതുസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, തോട്ടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കൊതുക് ഉറവിട നശീകരണം സമയബന്ധിതമായി നടപ്പിലാക്കുക, വാർഡ് തല ശുചിത്വ പോഷണ സമിതികൾ ശക്തമാക്കുക, ആരോഗ്യ സേന രൂപീകരിച്ച് പ്രത്യേക പരിശീലനം നൽകുക തുടങ്ങിയവയും ആരോഗ്യജാഗ്രത ലക്ഷ്യമിടുന്നു. 'പ്രതിദിനം പ്രതിരോധം' എന്നതിൽ ഊന്നിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വ്യക്തിശുചിത്വം, പരിസര ശുചിത്വം, മാലിന്യ സംസ്കരണം, ഉറവിട സംസ്കരണം, കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ.

സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെട്ട വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വിവിധ മാധ്യമങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ മാത്രമേ ആരോഗ്യജാഗ്രത പ്രവർത്തനങ്ങൾ രക്ഷിക്കാൻ സാധിക്കൂ.

date