Skip to main content

വിശ്വാസങ്ങള്‍ക്ക് അതീതമാണ് ഭരണഘടനയെന്ന് മന്ത്രി കെ.ടി ജലീല്‍

 

വിശ്വാസങ്ങള്‍ക്ക് അതീതമാണ് ഭരണഘടനയെന്ന് ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍. റാന്നി പി.ജെ.ടി ഹാളില്‍ നടന്ന ന്യൂനപക്ഷ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിശ്വാസങ്ങളും ഭരണഘടനയ്ക്ക് താഴെയാണെന്നും, ബഹുമത സാമൂഹിക ഘടനയില്‍ ജീവിക്കുമ്പോള്‍ സമൂഹത്തിന്റെ ഐക്യമാണ് പ്രധാനമെന്നും അതിനായി നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ന്യൂനപക്ഷ-ഭൂരിപക്ഷ സമൂഹത്തിലെ പുതുതലമുറ തമ്മില്‍ പരസ്പരം ഇടപെടലുകളും സൗഹൃദങ്ങളും ഉണ്ടാകണം. തന്റെ വിശ്വാസം മാത്രമാണ് ശരി എന്ന നിലപാട് മാറണം, മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണം. എല്ലാവരുടേയും പുരോഗതിയാണ് സംവരണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും എല്ലാവര്‍ക്കും തുല്യത ലഭിക്കുമ്പോള്‍ സംവരണം തന്നെ ഇല്ലാതെയാകുമെന്നും, രാജ്യപുരോഗതിക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിവൃദ്ധി അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷവികസന ധനകാര്യ കോര്‍പ്പറേഷനാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലുള്ളവര്‍ക്ക് കേന്ദ്രസംസ്ഥാന തലങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയെന്നതായിരുന്നു ന്യൂനപക്ഷസംഗമത്തിന്റെ ലക്ഷ്യം. ന്യൂനപക്ഷവകുപ്പിന്റെ സഹായം ജില്ലയ്ക്ക് ഉണ്ടാകുന്നത് മികച്ച കാര്യമാണ്. ഈ സംഗമം ഒരു സന്ദേശമാണെന്നും സാധാരണക്കാരായ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നതിനുള്ള വഴിയാണ് ഇതിലൂടെ തുറന്ന് കിട്ടുകയെന്നും രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.  

രാജു ഏബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ ഡയറക്ടര്‍ ഡോ.എ.ബി മൊയ്തീന്‍, പത്തനംതിട്ട ന്യൂനപക്ഷ യുവജനപരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പ്രൊഫ.തോമസ് ദാനിയേല്‍ പേട്ട ടൗണ്‍ ജുമാ മസ്ജിദ് ഇമാം വി.എം അല്‍ഉസ്താദ് അഷ്‌റഫ് മൗലവി, അല്‍ സ്വാലിഹി, മര്‍ത്തോമ സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസന കൗണ്‍സില്‍ അംഗം റവ.അലക്‌സാണ്ടര്‍ വര്‍ഗീസ്, മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് നിലയ്ക്കല്‍ ഭദ്രാസനം പി.ആര്‍.ഒ റവ.ഫാദര്‍ സൈമണ്‍ വര്‍ഗീസ്, മുഹീയദ്ദീന്‍ ജുമുഅ മസ്ജിദ് ഇമാം അല്‍ ഉസ്താദ് മുഹമ്മദ് നജീബ് ബദരി അല്‍ ബാഖവി, റാന്നി ടൗണ്‍ ചര്‍ച്ച് വേള്‍ഡ് റിവൈവല്‍ മിനിസ്ട്രീസ് പാസ്റ്റര്‍ ഡാനിയേല്‍ മുട്ടപ്പള്ളി, ചെമ്പന്‍മുഖം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് വികാരി റവ.ഫാദര്‍ ഏബ്രഹാം ശാമുവേല്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

                            (പിഎന്‍പി 488/19)

date