Skip to main content
കയര്‍ഭൂവസ്ത്ര വിതാനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം കടമ്പനാട്ട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വഹിക്കുന്നു. ലോകമനുഷ്യാവകാശ ദിനാചരണത്തിന്‍റെ ഭാഗമായുള്ള നിയമബോധവത്ക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കുന്നു.

വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുക  ജൈവവൈവിധ്യ പാര്‍ക്കുകളുടെ ലക്ഷ്യം - മന്ത്രി സി.രവീന്ദ്രനാഥ്

    വിദ്യാര്‍ഥികളില്‍ ചെറുപ്രായത്തില്‍ തന്നെ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനാണ് സ്കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. ജലസ്രോതസ്സുകളുടെ തീരങ്ങളില്‍ കയര്‍ഭൂവസ്ത്രം വിരിക്കുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം കടമ്പനാട്      കെആര്‍കെപിഎം ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൈവവൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും. ജൈവവൈവിധ്യത്തിന്‍റെയും കൃഷിയുടെയും പ്രാധാന്യം വരും തലമുറയെ ബോധ്യപ്പെടുത്തുന്നതിനാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 
കയറുകൊണ്ട് മണ്ണിനെ സംരക്ഷിക്കത്തവിധം ഒരു ഭിത്തിയുണ്ടാക്കി മരങ്ങള്‍ വെച്ചുപിടിപ്പിച്ച് അവയുടെ വേരുകളുടെ സഹായത്താല്‍ തോടുകളുടെയും അരുവികളുടെയും തീരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് കയര്‍ഭൂവസ്ത്ര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വായു, മണ്ണ്, ജലം ഇവയുടെ മലിനീകരണമാണ് ഇന്നത്തെ വലിയ പ്രശ്നം. വായുവിന്‍റെ മലിനീകരണം പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമായി. യഥാര്‍ത്ഥ മണ്ണ് മരിച്ചുകൊണ്ടിരിക്കുകയാണ്. ഒരിക്കലും പുന:സൃഷ്ടിക്കാന്‍ കഴിയാത്ത പ്രകൃതിവിഭവം എന്ന നിലയില്‍ മണ്ണിന് അതീവപ്രാധാന്യമുണ്ട്. പ്ലാസ്റ്റിക്കും രാസവസ്തുക്കളും കീടനാശിനികളും ചേര്‍ന്ന് മണ്ണ് മലിനമായി.  വായുവിന്‍റെയും മണ്ണിന്‍റെയും മലിനീകരണം ജലത്തെയും മലിനമാക്കി. എല്ലാത്തരം  മലിനീകരണങ്ങളും കുറച്ചാല്‍ മാത്രമേ മനുഷ്യന് ഭൂമിയില്‍ നിലനില്‍പ്പുള്ളൂ.
 മലിനീകരണം ഒഴിവാക്കാനുള്ള ഏക വഴി കൃഷി വ്യാപിപ്പിക്കുകയാണ്. കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് ജലസ്രോതസ്സുകള്‍ അത്യാവശ്യമാണ്. അരുവികളും പുഴകളും ഇന്ന് മൃതാവസ്ഥയിലാണ്. ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഹരിതകേരളം മിഷനിലൂടെ ലക്ഷ്യമിടുന്നത്. അരുവികളും തോടുകളും ജലസമൃദ്ധമാകണമെങ്കില്‍ അവയുടെ തീരങ്ങളില്‍ മരങ്ങളും പുല്ലുകളും ഉണ്ടാകണം.പശ്ചിമഘട്ടത്തിലുള്ള മലനിരകള്‍ ഇടിച്ച് തോടുകളുടെ വശങ്ങള്‍ കെട്ടി സംരക്ഷിക്കുക ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്ന തിരിച്ചറവിന്‍റെ അടിസ്ഥാനത്തിലാണ് കരിങ്കല്‍ ഭിത്തികള്‍ക്ക് പകരം പ്രകൃതിക്കിണങ്ങുന്ന സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പച്ചപ്പ് കൂടുമ്പോള്‍ വായുവിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ് കുറയുകയും ഒക്സിജന്‍റെ അളവ് കൂടുകയും     ചെയ്യും. ഈ മാറ്റം മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. മണ്ണിനെയും പ്രകൃതിയെയും സംരക്ഷിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ്പുള്ളൂ. കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിലൂടെ നാടിന്‍റെ ഹരിതാഭ  വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതോടൊപ്പം കയര്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍  കഴിയുമെന്നും മന്ത്രി പറഞ്ഞു. 
    തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളെ സമ്പന്നമാക്കി കൃഷിയെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്തിനാകെ മാതൃകയാകത്തക്ക വിധം ജില്ലയിലെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞു. പള്ളിക്കലാര്‍ സംരക്ഷണവുമായി ബന്ധപ്പെട്ടും ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഹരിത      കേരളം പദ്ധതിയിലൂടെ കാര്‍ഷിക മേഖലയെ സമ്പന്നമാക്കി നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ പുനരുജ്ജീവിപ്പിച്ച് ഒരു കാര്‍ഷിക സംസ്കാരത്തിലേക്ക് നാടിനെ എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുത്. കയര്‍ മേഖലിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ കുറഞ്ഞ സാഹചര്യ ത്തിലാണ് വ്യവസായ വകുപ്പ് കയര്‍ഭൂവസ്ത്രം വിരിക്കുന്ന പദ്ധതിയുമായി മുന്നോട്ടുവന്നത്. ഇത് കയര്‍മേഖലയ്ക്ക് ഒരു ഉണര്‍വ് നല്‍കുന്നതോടൊപ്പം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സഹായകരമാകുമെന്നും എംഎല്‍എ പറഞ്ഞു. 
    കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ആര്‍.അജീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ റ്റി.മുരുകേഷ്, ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സൗദാ രാജന്‍, വൈസ്പ്രസിഡന്‍റ് എസ്.രാധാകൃഷ്ണന്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് പി.സരസ്വതിയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ കെ.അനില്‍കുമാര്‍, പി.ലീന, മോനി കുഞ്ഞുമോന്‍, ഗ്രാമപഞ്ചായത്തംഗം രാധാമോള്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ ബെനഡിക്ട് നിക്സണ്‍, അഡ്വ.എസ്.മനോജ്, ആര്‍.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  
    സംസ്ഥാനതല പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെആര്‍കെപിഎം സ്കൂളിലെ സോജു വി.ജോസ്, റവന്യു ജില്ലാ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എ.അനന്തു കൃഷ്ണന്‍ എന്നിവ രെ മന്ത്രി ആദരിച്ചു. 
                                            (പിഎന്‍പി 3324/17)

date