Skip to main content

കാര്‍ഷിക വികസനവും കയര്‍ വ്യവസായ പുരോഗതിയും  കയര്‍ ഭൂവസ്ത്ര പദ്ധതിയിലൂടെ സാധ്യമാകും: മന്ത്രി പി.തിലോത്തമന്‍

 

കാര്‍ഷിക വികസനവും കയര്‍ വ്യവസായത്തിന്റെ പുരോഗതിയും ഒരുപോലെ സാധ്യമാക്കാന്‍  കയര്‍ ഭൂവസ്ത്ര പദ്ധതിയിലൂടെ കഴിയുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍. ഹരിത കേരളം മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തെക്കേ കിഴി മുണ്ടത്തുശ്ശേരി പാടശേഖരത്തിന്റെ പുറം ബണ്ടില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് പദ്ധതി  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മണ്ണിന്റെ ഘടനയും മേല്‍മണ്ണും സംരക്ഷിച്ച് മണ്ണൊലിപ്പ് തടയുന്ന പദ്ധതി അക്കാരണം കൊണ്ടു തന്നെ  സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ലക്ഷ്യങ്ങളായ മണ്ണ് സംരക്ഷണവും ജലസംരക്ഷണവും ഉറപ്പു വരുത്തുന്നു.  തകര്‍ന്നു കൊണ്ടിരിക്കുന്ന പരമ്പരാഗത കയര്‍ വ്യവസായ മേഖലക്ക് ഇത് അനുഗ്രഹവുമാണ്. റോഡ് നിര്‍മ്മാണത്തിനും കടലാക്രമണ പ്രതിരോധത്തിനും കയര്‍ഭൂവസ്ത്ര വിതാനം ഏറെ സഹായകരമാണ്. ജീവിതത്തിന്റെ പിന്നാമ്പുറത്തേക്കു തള്ളപ്പെടുന്ന കയര്‍ തൊഴിലാളികള്‍ക്കു ഇത് ഗുണകരമാകുന്നു. വിദേശ രാജ്യങ്ങളില്‍  വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ജിയോ ടെക്‌സ്റ്റെല്‍സ് ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ ചുവടു വെയ്പായി ഈ പദ്ധതി മാറും.  തമിഴ്‌നാട്ടില്‍ നിന്നും ചകിരി വാങ്ങേണ്ട അവസ്ഥയിലാണ് ഇന്നു കേരളത്തിലെ കയര്‍ വ്യവസായം. നെല്ലും തെങ്ങും നമ്മുടെ നാടിന് അന്യമാകുന്നത് ഒഴിവാക്കാന്‍ കയര്‍ ഭൂവസ്ത്രവിതാനം അനിവാര്യമാണ്. മന്ത്രി പറഞ്ഞു.  

കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതരിവേലി ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, വൈക്കം കയര്‍ പ്രോജക്ട് ഓഫീസര്‍ എസ്. സുധാ വര്‍മ്മ, ഏറ്റുമാനൂര്‍ ബിഡിഒ ഷെറഫ് പി.ഹംസ, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജയമോന്‍ മറ്റുതാച്ചിക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ധന്യ സാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. കെ ശാന്തകുമാര്‍, അഡ്വ. കെ അനില്‍കുമാര്‍, കെ. എസ് സലിമോന്‍, ബിനു സജീവ്, കുമരകം ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രബോസ് സ്വാഗതവും കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ. വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു. 

date