Skip to main content

അപകടങ്ങളെ എങ്ങനെ നേരിടാം ; അഗ്‌നിരക്ഷാസേനയുടെ ഡെമോ 

 

ജീവന്‍രക്ഷാ ഉപകരണങ്ങളെ പരിചയപ്പെടുത്തി അഗ്‌നിരക്ഷാസേന. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന പ്രദര്‍ശന വിപണനമേളയിലാണ് അഗ്‌നിരക്ഷാസേനയുടെ ഡെമോ അരങ്ങേറുന്നത്. പെട്ടെന്നൊരു അപകടമുണ്ടാകുമ്പോള്‍ ഒരു നിമിഷം പകച്ച് പോകുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായ രീതി പരിചയപ്പെടുത്തുകയാണ് അഗ്‌നിരക്ഷാവകുപ്പ്. 

വാഹനാപകടം ഉണ്ടാകുമ്പോള്‍ ജാക്കി വച്ച് ഉയര്‍ത്താന്‍ പറ്റാത്ത  വാഹനങ്ങള്‍ ഏഴ് ടണ്‍മുതല്‍ എഴുപത് ടണ്ണോളം കംപ്രസ്ഡ് എയര്‍ നിറച്ച് ഉയര്‍ത്തുന്ന ന്യുമാറ്റിക് ബാഗ്, 125 അടിയോളം താഴ്ചയില്‍ മുങ്ങാനാകുന്ന യൂണിവേഴ്സല്‍ ഡൈവിംഗ് ഉപകരണമായ സെല്‍ഫ് കണ്ടെയ്ന്‍ഡ് ബ്രീത്തിംഗ് അപ്പാരറ്റസ് എന്നിവ സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അഗ്‌നിയില്‍ അഞ്ച് മിനിട്ടോളം അപകടങ്ങളൊന്നും കൂടാതെ നില്‍ക്കാന്‍ കഴിയുന്ന ഫയര്‍ എന്‍ട്രി സ്യൂട്ട് സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണമാണ്. കൂടാതെ, ഫല്‍യിഡ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക് കട്ടര്‍, സ്പ്രെഡര്‍, വൈക്കോല്‍ത്തുറുവില്‍ തീ പിടിച്ചാല്‍ കെടുത്താന്‍ ഉപയോഗിക്കുന്ന ലോ പ്രഷര്‍ ആപ്ലിക്കേഷന്‍, പ്രാഥമിക അഗ്‌നിശമന ഉപകരണങ്ങള്‍, ഫോഗ് നോസില്‍, സ്മോക്ക് ഡിറ്റക്ടര്‍, സ്പ്രിംഗല്‍ സിസ്റ്റം, എന്നിവയും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഫയര്‍മാന്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശകര്‍ക്ക് ഉപകരണങ്ങളെക്കുറിച്ച് വിവരണം നല്‍കുന്നത്. ഇതിന് പുറമെ, ജനങ്ങള്‍ക്ക് അഗ്‌നിയില്‍ നിന്ന് രക്ഷനേടുന്നതിനുള്ള അറിവ് പകരാന്‍ അഗ്‌നി സുരക്ഷാ സംബന്ധമായ പോസ്റ്ററുകളും സ്റ്റാളിലുണ്ട്. അഗ്‌നിശമന സേന എന്നന്നുള്ളത് അഗ്‌നിരക്ഷാ എന്ന് കൂടി തിരുത്തുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

 (പിഎന്‍പി 706/19)

date