സ്ത്രീകള്‍ സ്ത്രീകള്‍ക്ക് വേണ്ടി ജീവിക്കണം - പി.ഗൗരി ടീച്ചര്‍
സ്ത്രീകള്‍ ഒരു രംഗത്തും പിന്നില്‍ അല്ലയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലാതെ സ്വന്തമായി ജീവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണമെന്നും വനിതാ കമ്മീഷന് മുന്‍ അംഗവും പി.സരോജിനിയമ്മ സ്മാരക മഹിളാ സമാജം പ്രസിഡന്റുമായ പി.ഗൗരി ടീച്ചര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിജയകരമായ 1000 ദിനങ്ങളുടെ ആഘോഷ പരിപാടി 'മികവി'ന്റെ ഭാഗമായി മലപ്പുറം കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീയും സ്ത്രീശാക്തീകരണവും' എന്ന സെമിനാറില്‍ വിഷയാവതരണം നടത്തുകയായിരുന്നു ഗൗരി ടീച്ചര്‍. പരമ്പരാഗതമായി സ്ത്രീകള്‍ക്ക് കിട്ടുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടുത്തരുത്. സ്ത്രീകളില്‍ സ്വന്തമായി സമ്പാദിക്കുന്നവരുണ്ട്. അത് അവരുടെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. മലപ്പുറത്തെ നിരവധി സ്ത്രീകളെ വീടിന്റെ അകത്തളങ്ങളില്‍ നിന്ന് പുറത്തു കൊണ്ടുവരാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും ടീച്ചര്‍ പറഞ്ഞു.
കുടുംബശ്രീ ഗവേര്‍ണിങ് ബോഡി അംഗവും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.എം. പുഷ്പജ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളുടെ ശാക്തീകരണത്തിന് കുടുംബശ്രീ അതുല്യമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പുഷ്പജ പറഞ്ഞു. തിരൂര്‍ നഗരസഭ ചെയര്മാന് ബാവ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു.. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.പി സായികൃഷ്ണന്‍, കുടുംബശ്രീ ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ റൂബീരാജ്, മെമ്പര്‍ സെക്രട്ടറി മധുസൂദനന്, സിഡിഎസ് ചെയര്പേഴ്സന് റജുല എന്നിവര്‍ സംസാരിച്ചു.
- Log in to post comments