Skip to main content

പ്രമേഹത്തിനറിയില്ലല്ലോ എംഎല്‍എ ആണെന്ന്,   ചിരി പടര്‍ത്തി ചിറ്റയം ഗോപകുമാര്‍ എം എല്‍ എ 

 

 

'ഭക്ഷണകാര്യത്തില്‍ അല്പമൊരു ശ്രദ്ധ വേണം..  എങ്കിലേ പ്രമേഹത്തെ പടിക്ക് പുറത്തു നിര്‍ത്താന്‍ കഴിയൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞപ്പോള്‍ പ്രമേഹത്തിനറിയില്ലല്ലോ എംഎല്‍എ ആണെന്നായിരുന്നു ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യുടെ തമാശയില്‍ പൊതിഞ്ഞ മറുപടി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ നടക്കുന്ന പ്രദര്‍ശന മേള  സന്ദര്‍ശിച്ചപ്പോഴാണ്  എം എല്‍ എ ആരോഗ്യവകുപ്പ് ഒരുക്കിയ സ്റ്റാളില്‍ രക്തം പരിശോധിച്ചത്. 

എല്ലാ മേഖലകളിലും സമഗ്രവികസനം ലക്ഷ്യമിട്ടാണ് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് സ്റ്റാള്‍ സന്ദര്‍ശിച്ച ശേഷം എംഎല്‍എ പറഞ്ഞു. ജനങ്ങളോട് കടമയും കടപ്പാടും പ്രകടിപ്പിച്ച് മികച്ച ഭരണമാണ് കാഴ്ചവയ്ക്കുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വിജയം കൈവരിച്ചു. സ്ത്രീ ശാക്തീകരണത്തിന്  മുന്‍തൂക്കം നല്‍കി.

ആഘോഷ പരിപാടികള്‍ നൂറുശതമാനം വിജയകരമാണ്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, പ്രളയ സമയത്തെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ പ്രദര്‍ശനം എടുത്തു പറയേണ്ട ഒന്നാണ്. ഖാദിഗ്രാമ വികസന വകുപ്പിന്റെ തുണിത്തരങ്ങള്‍ എംഎല്‍എ വാങ്ങുകയും വെയിറ്റിംഗ് മെഷീനില്‍ ഭാരം നോക്കുകയും ചെയ്തു. സ്റ്റാളുകള്‍ സന്ദര്‍ശിച്ച് പൂര്‍ണ തൃപ്തനായാണ് എം എല്‍ എ മടങ്ങിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുല്‍ റഷീദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ പി.ആര്‍ സാബു, ഐടി മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ഉഷാകുമാരി എന്നിവര്‍ എം എല്‍ എ യ്ക്ക്  ഒപ്പമുണ്ടായിരുന്നു. മേളയില്‍ 92 സ്റ്റാളുകളാണ് ഉള്ളത്. എല്ലാ സ്റ്റാളും സന്ദര്‍ശിച്ച എംഎല്‍എ എല്ലാവരോടും  കുശലാന്വേഷണം നടത്തി. 

date