Skip to main content

ഇന്ത്യന്‍ വ്യോമസേനയില്‍ അവസരങ്ങള്‍;  15 മുതല്‍ അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമ സേനയില്‍ വിവിധ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അവസരം. വ്യോമ സേനയിലെ എക്‌സ്, വൈ വിഭാഗങ്ങളിലെ 15ലേറെ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനുമിടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. കോഴ്‌സിന് 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷിന് പ്രത്യേകമായി 50 ശതമാനം മാര്‍ക്കും ഉണ്ടായിരിക്കണം. 
    മാര്‍ച്ച് 10, 11 തീയതികളില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായി ഡിസംബര്‍ 15 മുതല്‍ ജനുവരി 12 വരെ www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ സൈറ്റുകള്‍ വഴി അപേക്ഷിക്കാം. എക്‌സ് കാറ്റഗറിയിലെ എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ഒഴികെയുള്ള ഓട്ടോമൊബൈല്‍ ഫിറ്റര്‍, ഇലക്‌ട്രോണിക് ഫിറ്റര്‍, മെക്കാനിക്കല്‍ സിസ്റ്റം ഫിറ്റര്‍ തുടങ്ങി ഒന്‍പത് ട്രേഡുകളിലേക്കും വൈ കാറ്റഗറിയിലെ ഓട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് (പോലിസ്), ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (സെക്യൂരിറ്റി), മ്യുസീഷ്യന്‍ എന്നി ഒഴികെയുള്ള എട്ട് ട്രേഡുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് കാറ്റഗറികളിലെ ട്രേഡുകളിലേക്കും അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷ സമയത്ത് അക്കാര്യം സൂചിപ്പിച്ചാല്‍ മതി. വെവ്വേറെ അപേക്ഷിക്കേണ്ടതില്ല. ഒന്നിലധികം തവണ അപേക്ഷിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുകയില്ല. 
    ആദ്യമായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നുവെന്ന പ്രത്യേകത ഇത്തവണത്തെ പ്രവേശന പരീക്ഷയ്ക്കുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ കൊച്ചി കാക്കനാട് എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍ സീനിയര്‍ സര്‍ജന്റ് ധര്‍മേന്ദര്‍ പറഞ്ഞു. അപേക്ഷകരുടെ ഇ-മെയിലിലേക്ക് ഫെബ്രുവരിയില്‍ അഡ്മിറ്റ് കാര്‍ഡ് അയച്ചുതരും. ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ അഞ്ചെണ്ണം തെരഞ്ഞെടുക്കാം. ഓണ്‍ലൈന്‍ പരീക്ഷ പാസ്സാകുന്നവര്‍ക്ക് കാക്കനാട് സെലക്ഷന്‍ സെന്ററില്‍ വച്ച് കായികക്ഷമത ഉള്‍പ്പെടെയുള്ള രണ്ടാംഘട്ട പരീക്ഷ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സീനിയര്‍ സര്‍ജന്റ് പീതാംബര്‍ ഝാ, വാറന്റ് ഓഫീസര്‍ ജി.സി മൊഹന്ത തുടങ്ങിയവരും പങ്കെടുത്തു. 
പി എന്‍ സി/4715/2017

 

date