പ്രളയാനന്തര പുനരുജ്ജീവന വായ്പ (ഉജ്ജീവനം) മാര്‍ച്ച് 31 ന് മുന്‍പ് നല്‍കും
മാര്‍ച്ച് 31 ന് മുന്‍പ് ബാങ്കുകള്‍ പ്രളയ ബാധിതര്‍ക്ക് പ്രളയാനന്തര പുനരുജ്ജീവന വായ്പ (ഉജ്ജീവനം) നല്‍കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ വി.വിജയകുമാരന്‍ അറിയിച്ചു. ഉജജീവനം പദ്ധതി, ആര്‍കെഎല്‍എസ് പദ്ധതി എന്നിവയില്‍ പുനര്‍ ക്രമീകരണം നടത്തിയാണ് വായ്പാ വിതരണം നടത്തുക. ഉജ്ജീവന പദ്ധതി പ്രകാരം പ്രളയബാധിതരായ കച്ചവടക്കാര്‍ക്ക് റീ ബില്‍ഡ് കേരള പോര്‍ട്ടല്‍ വ്യവസായ വകുപ്പ് പ്രളയബാധിത കടകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുമായി കടകള്‍ക്ക് അനുവദിച്ചിരിക്കുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ ബാങ്കുകള്‍ മാര്‍ച്ച് 31ന് മുന്‍പായി പ്രളയാനന്തര പുനര്‍ വായ്പ ആവശ്യമുള്ള തുക തിരിച്ചടവ് കഴിവ് അനുസരിച്ച് നല്‍കും.
ബാങ്കുകള്‍ പ്രളയബാധിതര്‍ക്കായുള്ള കാര്‍ഷിക, വ്യവസായ, വാണിജ്യ, ഭവന, വിദ്യാഭ്യാസ വായ്പകളാണ് പുനര്‍ ക്രമീകരിച്ച് മൊറട്ടോറിയം പ്രഖ്യാപിച്ച് പുനര്‍ വായ്പ നല്‍കിയത്. എസ്ബിഐ 1392 അക്കൗണ്ടുകളിലായി 119 കോടിയും, ഫെഡറല്‍ ബാങ്ക് 222 അക്കൗണ്ടുകളിലായി 66 കോടിയും, കാനറാ ബാങ്ക് 1056 അക്കൗണ്ടുകളിലായി ഇരുപത്തിയാറ് കോടിയും, ഗ്രാമീണ്‍ ബാങ്ക് 819 അക്കൗണ്ടുകളിലായി 28 കോടിയും ഐ ഓ ബി 709 അക്കൗണ്ടുകളിലായി 37 കോടിയും നല്‍കി. കുടുംബശ്രീയുടെ പലിശരഹിത വായ്പയായ ആര്‍കെഎല്‍എസിനായി എസ് ബി ഐ 3.77 കോടി രൂപയും, ഫെഡറല്‍ ബാങ്ക് 5.13 കോടി രൂപയും, ഐ.ഒ.ബി 2 കോടി രൂപയും, ജില്ലാ ബാങ്ക് 6.82 കോടി രൂപയും നല്‍കി. പ്രളയബാധിതരായവരുടെ ആര്‍കെഎല്‍എസ് ലോണുകള്‍ മാര്‍ച്ച് 31നകം നല്‍കും. ആകെ 57.59 കോടി രൂപ ആര്‍.കെ.എല്‍.എസ് മുഖാന്തിരം നല്‍കിയിട്ടുണ്ട്.
പ്രളയ ദുരന്ത ബാധിതര്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിനു സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ഉജ്ജീവന വായ്പ . പ്രളയത്തില്‍ മൃഗസംരക്ഷണ മേഖലയില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍, സൂക്ഷ്മ-ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍, കടകള്‍, കിസാന്‍ കാര്‍ഡ് ഉടമകള്‍, അലങ്കാര പക്ഷി കര്‍ഷകര്‍, തേനീച്ച കര്‍ഷകര്‍ എന്നി മേഖലകളിലുള്ള ദുരന്തബാധിതര്‍ക്കാണ് ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി ഉപജീവന മാര്‍ഗ്ഗങ്ങള്‍ പുനരാരംഭിക്കുന്നതിന് സഹായം നല്‍കുന്നത്. മാര്‍ച്ച് 31 വരെ പദ്ധതിക്കായി അപേക്ഷിക്കാം. അവരവരുടെ സര്‍വ്വീസ് ഏരിയാ ബാങ്കില്‍ പുതിയ വായ്പാ അപേക്ഷ നല്‍കാം. പഴയ വായ്പയുള്ള കച്ചവടക്കാര്‍ പഴയ ബാങ്കില്‍ തന്നെ സമീപിച്ചാല്‍ മതിയാകും.
ജീവനോപാധി പുനരധിവാസത്തിനായി എടുക്കുന്ന ടേം ലോണിന്റെ മാര്‍ജിന്‍ മണിയായി രണ്ടു ലക്ഷം രൂപയോ, വായ്പയുടെ 25 ശതമാനമോ ഏതാണോ കുറവ് ആ തുക ലഭിക്കും. ജീവനോപാധി പുനരാരാംഭത്തിനായി പ്രവര്‍ത്തന മൂലധനം മാത്രം എടുത്തവര്‍ക്ക് വായ്പയുടെ 25 ശതമാനമോ ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുകയും ധനസഹായമായി ലഭിക്കും. ജീവനോപാധി പുനരാരംഭത്തിനായി പ്രവര്‍ത്തന മൂലധനം മാത്രം എടുക്കുന്നവര്‍ക്ക് വായ്പാ തുകയില്‍ 10 ലക്ഷം വരെയും മാര്‍ജിന്‍ മണിക്ക് പകരം ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ താങ്ങ് പലിശ നല്‍കും.2018 ആഗസ്റ്റ് ഒന്നിന് ശേഷം പുനര്‍വായ്പ എടുത്തവര്‍ക്കും ഒമ്പത് ശതമാനം താങ്ങുപലിശ ലഭിക്കും. കൃഷിവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് നാല് ശതമാനം താങ്ങ് പലിശ ഒരു വര്‍ഷത്തേക്ക് സഹായമായി ലഭിക്കും.
(പിഎന്‍പി 864/19)
- Log in to post comments