Skip to main content

സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി രൂപ ചെലവഴിക്കും എല്ലാ സ്കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ തയാറാക്കും: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് എല്ലാ സ്കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുമൂലപുരം ഇരുവള്ളിപ്ര സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും പ്രഥമാധ്യാപകരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെ പൂര്‍ണതയിലേക്ക് എത്തിക്കുന്ന വിധമായിരിക്കണം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കേണ്ടത്. സ്കൂള്‍ ചരിത്രം, സ്കൂളിന്‍റെ നിലവിലുള്ള സ്ഥിതി, സമീപകാലത്ത് നേടാന്‍ ഉദ്ദേശിക്കുന്ന അക്കാദമിക ലക്ഷ്യങ്ങള്‍ എന്നിവ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിക്കണം. വിദ്യാഭ്യാസ വിദഗ്ധരുടെയും മുന്‍ അധ്യാപകരുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും സഹകരണം ഇതിനായി ഉപയോഗപ്പെടുത്തണം. വിദ്യാലയത്തിന്‍റെ മികവ് എന്നത് അക്കാദമിക മികവാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതുകൊണ്ടു മാത്രം കാര്യമില്ല. കരിക്കുലം അനുസരിച്ച് ഒരു ക്ലാസില്‍ കുട്ടി എന്തെല്ലാം അറിവുകളാണോ ആര്‍ജിക്കേണ്ടത് ആ അറിവുകള്‍ ക്ലാസിലെ എല്ലാ കുട്ടികളും നേടിയെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ അതിനെ അക്കാദമിക മികവായി വിലയിരുത്താന്‍ കഴിയു. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിലവാരത്തില്‍ എത്തിക്കുന്നതിന് ശ്രദ്ധ പദ്ധതി എസ്എസ്എ നടപ്പാക്കി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ ഒന്നാംഘട്ട വിലയിരുത്തല്‍ നടന്നു വരുന്നു. ഈ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ പഠനത്തില്‍ തീരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ പ്രവര്‍ത്തന സമയത്തിനു പുറത്ത് അധ്യാപകര്‍ പ്രത്യേക പരിശീലനം നല്‍കും. ഇംഗ്ലീഷ് ഭാഷാ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതം വിജയം എന്നീ പദ്ധതികളും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കും. ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ അക്കാദമിക നിലവാരം വര്‍ധിപ്പിക്കുന്നതിനായി നവപ്രഭ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ഥികളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുന്നതില്‍ അധ്യാപക പരിശീലനത്തിന്‍റെ പങ്ക് പ്രധാനമാണ്. നിലവിലുള്ള പരിശീലന സംവിധാനങ്ങള്‍ ആധുനികവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരിശീലനം ആവശ്യപ്പെടുന്ന എല്ലാ അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ തക്കവണ്ണം ഡയറ്റുകള്‍ ആധുനികവത്കരിക്കും. എല്ലാ അധ്യാപകര്‍ക്കും വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. ഇത് കൂടുതല്‍ കാര്യക്ഷമമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ എല്ലാ ഓഫീസുകളും ഹൈടെക് ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സ്കൂളുകള്‍ മാത്രം ഹൈടെക് ആയാല്‍ പോര. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ആധുനീകരിക്കണം എന്നതാണ് സര്‍ക്കാര്‍ നയം. സംതൃപ്തരായ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും അടങ്ങുന്ന വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലര്‍ക്കിന്‍റെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അധ്യാപകരുടെ ബുദ്ധിമുട്ടുകള്‍ ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും. അക്കാദമിക മാസ്റ്റര്‍ പ്ലാനിനൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട മാസ്റ്റര്‍പ്ലാന്‍. ഇത്തരത്തിലുള്ള ഒരു മാസ്റ്റര്‍ പ്ലാനും എല്ലാ സ്കൂളുകളിലും ഉടന്‍ തയാറാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും എംപി,എംഎല്‍എമാരുടേയും ഫണ്ടുകള്‍ ഉപയോഗിച്ച് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സ്കൂളിന്‍റെ വികസനത്തിന് എന്തൊക്കെ പദ്ധതികള്‍ ഏറ്റെടുക്കാം എന്ന കാര്യം അടിസ്ഥാനസൗകര്യ വികസന മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിക്കണം. ജനപ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, രക്ഷിതാക്കള്‍ തുടങ്ങി സ്കൂളുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സഹായം ഈ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുന്നതിന് വിനിയോഗിക്കണം. സ്കെച്ചുകളോ മറ്റോ ആവശ്യമുണ്ടെങ്കില്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ സിവില്‍ എന്‍ജിനിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി അതു തയാറാക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ ഉണ്ടെങ്കില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് അടുത്ത വാര്‍ഷിക പദ്ധതി തയാറാക്കുമ്പോള്‍ ഓരോ സ്കൂളിന്‍റെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതികള്‍ തയാറാക്കാന്‍ കഴിയും. ഇപ്പോള്‍ യാതൊരു ഏകോപനവുമില്ലാതെ വിവിധ ഏജന്‍സികള്‍ പൊതുവിദ്യാലയങ്ങളില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഉദ്ദേശിച്ച ഫലം കാണുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിന് അടിസ്ഥാന സൗകര്യ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിലൂടെ കഴിയും. സ്കൂള്‍ കെട്ടിടത്തോടൊപ്പം ഏറ്റവും പ്രാധാന്യം നല്‍കേണ്ട നാല് കാര്യങ്ങളാണ് ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം, കൈകഴുകുന്ന സ്ഥലം, ശൗചാലയങ്ങള്‍ എന്നിവ. ഇവയ്ക്ക് അതീവ പ്രാധാന്യം നല്‍കിയായിരിക്കണം അടിസ്ഥാനസൗകര്യ മാസ്റ്റര്‍ പ്ലാനുകള്‍ സജ്ജമാക്കേണ്ടത്. 2019 മാര്‍ച്ചോടെ കേരളത്തിലെ എല്ലാ എല്‍പി, യുപി സ്കൂളുകളിലും ഓരോ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കും. ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചായിരിക്കും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുക. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തില്‍ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ആറുമാസത്തിനുള്ളില്‍ ഹൈടെക് ആക്കും. ഇതിനുള്ള ആദ്യഘട്ടം ഈമാസം തുടങ്ങും. സംസ്ഥാനത്തെ സ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 2000 കോടി രൂപ ചെലവഴിക്കും. ഈ വര്‍ഷം 145 സ്കൂളുകള്‍ക്ക് അഞ്ചു കോടി രൂപ വീതവും 229 സ്കൂളുകള്‍ക്ക് മൂന്നു കോടി രൂപ വീതവും അടിസ്ഥാന സൗകര്യ വികസനത്തിനായി നല്‍കി.ഇതിനു പുറമേ 125 സ്കൂളുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുതലുള്ള ധനസഹായവും അനുവദിച്ചു. പൊതുവിദ്യാഭ്യാസത്തില്‍ എയ്ഡഡ് സ്കൂളുകളുടെ പ്രാധാന്യം മനസിലാക്കി ചലഞ്ച് ഫണ്ട് എന്ന രീതിയില്‍ ഒരു കോടി രൂപ വരെ എയ്ഡഡ് സ്കൂളുകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള തീരുമാനമെടുത്തു. കേരളത്തിന്‍റെ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന ജനങ്ങളുടെ താല്‍പര്യം അനുസരിച്ചുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് നാം നടപ്പിലാക്കേണ്ടത്. ഫ്യൂഡല്‍ കാലഘട്ടത്തിലെ വിദ്യാഭ്യാസം ഫ്യൂഡല്‍ സമ്പ്രദായത്തെ സഹായിക്കുന്നതായിരുന്നു. കൊളോണിയല്‍ കാലത്തേത് കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളവയും മൂലധനശക്തികള്‍ നല്‍കുന്ന വിദ്യാഭ്യാസം മൂലധനാധിഷ്ഠിതവുമാണ്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ജനങ്ങള്‍ നേതൃത്വം നല്‍കുന്ന ജനകീയമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരുവാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിനു മാതൃകയായി ജനങ്ങള്‍ നയിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായി അതു മാറണം. മതനിരപേക്ഷ മൂല്യങ്ങളെ തിരിച്ചറിയുന്ന ഒരു തലമുറ വളര്‍ന്നു വരേണ്ടതുണ്ട്. സമൂഹത്തോടുള്ള കടപ്പാടുകള്‍ നിറവേറ്റാനുള്ള ഒരു സാമൂഹികാവബോധം കുട്ടികളില്‍ സൃഷ്ടിക്കാന്‍ ജനകീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു. കഴിഞ്ഞ വര്‍ഷം നാം പൊതുവിദ്യാഭ്യാസ സംരക്ഷണം എന്ന മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. അതിലൂടെ 1,45208 വിദ്യാര്‍ഥികള്‍ അധികമായി കഴിഞ്ഞ ജൂണില്‍ പൊതുവിദ്യാലയങ്ങളില്‍ എത്തി. കേരളത്തിന്‍റെ സമീപകാല ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നും കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് വരാന്‍ തുടങ്ങി. ഈ അക്കാദമിക വര്‍ഷത്തെ പഠനാനുഭവങ്ങളിലൂടെ തങ്ങള്‍ കുട്ടികളെ വിട്ടത് ശരിയായ സ്ഥലത്തേക്കാണ് എന്ന തോന്നല്‍ രക്ഷിതാക്കള്‍ക്കുണ്ടാക്കുവാന്‍ എല്ലാ അധ്യാപകരും മനസുവയ്ക്കണം. വലിയ പ്രതീക്ഷകളോടെയാണ് ആളുകള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയച്ചിട്ടുള്ളത്. അവരുടെ പ്രതീക്ഷകള്‍ക്കൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക അധ്യാപകരുടെ ബാധ്യതയാണ്. ചരിത്രത്തിലെ ഒരു വലിയ കടമയാണ് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുള്ളത്. പൊതുവിദ്യാലയങ്ങള്‍ ഉണര്‍ന്ന ഒരു കാലഘട്ടത്തില്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാന്‍ ലഭിച്ച അവസരം ഒരു ചരിത്ര നിയോഗമായി അധ്യാപകര്‍ കണക്കാക്കണം. ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍ മനസിലാക്കി ആ കുട്ടിയെ ശരിയായ രീതിയില്‍ നയിക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഒരു വിദ്യാര്‍ഥിയെ മറ്റൊരു വിദ്യാര്‍ഥിയുമായി താരതമ്യപ്പെടുത്തരുത്. ഒരു കുട്ടിയെ മനസിലാക്കി ആ കുട്ടിയെ ഉയര്‍ത്തുന്ന സമീപനമുണ്ടെങ്കില്‍ അവിടെ പാര്‍ശ്വവത്കരണം ഒഴിവാകും. വിദ്യാഭ്യാസം അധ്യാപക കേന്ദ്രീകൃത സംവിധാനത്തില്‍ നിന്നും ശിശു കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറി. പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടിയെ വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായി കണക്കാക്കണം. ഓരോ കുട്ടിയിലുമുള്ള സര്‍ഗശേഷിയെ കണ്ടെത്തുവാന്‍ അധ്യാപകനു കഴിയണം. കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക് മനസിലാക്കി രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ജനകീയ വിദ്യാഭ്യാസത്തിലൂടെ പാര്‍ശ്വവത്കരണമില്ലാത്തെ വിദ്യാഭ്യാസം കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കി കേരളത്തെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ ജിമ്മി കെ. ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ എം.കെ. ഗോപി, എസ്എസ്എ പ്രോജക്ട് ഓഫീസര്‍ ആര്‍. വിജയമോഹനന്‍, ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ എസ്. മിനി, ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പിഎന്‍പി 2921/17)

date