Skip to main content

 ശുദ്ധജലലഭ്യത കുറവായ ഇടങ്ങളിലെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന:  മന്ത്രി മാത്യു.ടി.തോമസ്

 

മഴനിഴല്‍ പ്രദേശങ്ങളിലെയും ശുദ്ധജലലഭ്യത കുറവായ ഇടങ്ങളിലെയും പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി  മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതുകൊണ്ടാണ് കേരളം നേരിട്ട രൂക്ഷമായ വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിഞ്ഞത്. ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ വടവന്നൂര്‍ ഗ്രാമപഞ്ചായത്തിനായുളള സമഗ്ര കുടിവെളള പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗ്രാമീണ കുടിവെളള പദ്ധതിയ്ക്ക് ഇരുന്നൂറ് കോടി ലഭിച്ചിരുന്നത് 47 കോടിയായി കുറച്ചു. എന്നാല്‍ വകുപ്പ് ഏറ്റെടുത്ത പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ കിഫ്ബിയുടെ സാധ്യതകള്‍  പ്രയോജനപ്പെടുത്തും .വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധിയ്ക്കു കാരണം റവന്യൂ വരുമാനം കുറവാണ് എന്നതാണ്. ശുദ്ധീകരിച്ച ജലത്തിന്‍റെ മൂല്യം നാം തിരിച്ചറിയേണ്ടതുണ്ട്.  ശുദ്ധീകരിച്ച ഒരു കുപ്പിവെള്ളത്തിന് 20 രൂപ മുടക്കേണ്ടി വരുമ്പോള്‍ സംസ്ഥാനം ആയിരം ലിറ്റര്‍ ശുദ്ധജലത്തിന് ഇന്നും ഈടാക്കുന്നത് നാല് രൂപയാണ്. എന്നാല്‍ വില വര്‍ദ്ധിപ്പിക്കാനുളള നീക്കം സര്‍ക്കാരിനില്ല .വില കുറവായതുകൊണ്ട് ജലദുരുപയോഗം കേരളത്തില്‍ കൂടുതലാണ് . സൂക്ഷ്മതയോടെ  ജലം ഉപയോഗിക്കണമെന്ന വലിയ സന്ദേശം കഴിഞ്ഞ വരള്‍ച്ച കേരളത്തെ പഠിപ്പിച്ചതാണ്. മലിനമാവാത്ത ജലം  ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കും. ജലം സ്രോതസ്സ് മലിനമാക്കാന്‍ കേരളം മുന്‍പന്തിയിലാണെന്നും ബോധവത്കരണം ഫലപ്രദമാകാത്തത് കൊണ്ടാണ് ജലം മലിനമാക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടി ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
   മാലിന്യസംസ്കരണം നഗരസഭയുടേയാ ഗ്രാമപഞ്ചായത്തിന്‍റേയൊ ഉത്തരവാദിത്വമാണ് എന്ന മനോഭാവത്തില്‍ നിന്ന് മാറി സ്വന്തം ഉത്തരവാദിത്വമാക്കി മാറ്റണം.   സംസ്ഥാന ജലവിഭവവകുപ്പ് രാജ്യത്തെ ഗ്രാമീണമേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വകുപ്പായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍ അവസരം ചോദിച്ചതിനാല്‍ അതിന്‍റെ പ്രഖ്യാപനം മാര്‍ച്ചിലേക്ക് മാറ്റിയിരിക്കുകയാണെന്നും മന്ത്രിപറഞ്ഞു. വകുപ്പ്‌ നേരിടുന്ന പ്രതിസന്ധി കേന്ദ്ര ഫണ്ടിന്‍റെ ലഭ്യത കുറവാണ്.    15 കോടി ചെലവില്‍ നിര്‍മിക്കുന്ന ചിറ്റൂര്‍ തത്തമംഗലം - വടവന്നൂര്‍ സമഗ്ര കുടിവെള്ള പദ്ധതിയില്‍ 65357 പേര്‍ ഗുണഭോക്താക്കളാകും. ചിറ്റൂര്‍ തത്തമംഗലത്ത്  പ്രതിദിനം എട്ട് ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണശാല, വടവന്നൂര്‍ പൊക്കുന്നില്‍ 9.5 ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലസംഭരണി എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
 മേട്ടുപാളയത്ത് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനായി.കെ.ബാബു എം.എല്‍.എ. മുഖ്യാതിഥിയായി.  കേരള വാട്ടര്‍ അതോറിറ്റി മാനേജിങ്ങ് ഡയറക്ടര്‍ എ.ഷൈനാമോള്‍ ഐ.എ.എസ് സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍ ടി. രവീന്ദ്രന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ റ്റി.എസ്.തിരുവെങ്കിടം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,  പങ്കെടുത്തു.

 

date