Skip to main content

ഇടിമിന്നല്‍; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

 

 

കേരളത്തില്‍ വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു വരെ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുന്നതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.  ഇടിമിന്നല്‍ സമയത്ത് ടെറസിലേക്കോ വീടിന് പുറത്തേക്കോ  പോകുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

 

ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാല്‍  സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വീടിനുള്ളില്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കണം. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി ഇരിക്കണം.

 

 ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല.  വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ഫോണ്‍ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം.  വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

 

വാഹനങ്ങള്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി വാഹനത്തിന്റെ ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ ഇറങ്ങുവാന്‍ പാടില്ല. കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കുന്നതും വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടുപ്പിക്കുന്നതും അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

 

 മിന്നലും ഇടിയും ഉള്ള സമയത്ത് വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.  മൃഗങ്ങളെ അഴിച്ച് സുരക്ഷിതമായി മാറ്റിക്കെട്ടാന്‍ തുറസായ സ്ഥലത്തേക്ക് പോകരുത്. 

 

തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇടിമിന്നല്‍ സമയത്ത് പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ നില്‍ക്കാനോ  മൈക്ക് ഉപയോഗിക്കാനോ പാടില്ല. 

 

സംസാരശേഷിയില്ലാത്തവര്‍ക്കായി ദുരന്തനിവാരണ അതോറിറ്റി ആംഗ്യ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഇതിന്റെ യൂടൂബ് ലിങ്ക് https://youtu.be/So1uMkDyzd4

date