Skip to main content

എസ്.എസ് എല്‍.സി പരീക്ഷയില്‍ വിജയത്തിളക്കവുമായി നിലമ്പൂരിലെ ഭഷെല്‍ട്ടര്‍'

എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയത്തിളക്കവുമായി നിലമ്പൂരിലെ ഷെല്‍ട്ടര്‍. സമഗ്ര ശിക്ഷയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുളള ഹോസ്റ്റലായ ഷെല്‍ട്ടറില്‍ താമസിച്ച് പഠനം നടത്തി ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളായ പി.വിഷ്ണു, അനന്തു ബിനു, കെ.വൈശാഖ് എന്നിവര്‍.  മൂന്ന് പേരും പഠനം ഇടക്ക് വെച്ച് നിര്‍ത്തിയവരായിരുന്നു.
വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ആവശ്യമായ പഠന പിന്തുണയും ഹോസ്റ്റല്‍ സൗകര്യവും നല്‍കി സ്‌കൂളുകളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ ഷെല്‍ട്ടര്‍ എന്ന പദ്ധതിയാണ് ഇവരെ വീണ്ടും വിദ്യാലയത്തില്‍ എത്തിച്ചത്. പഠനം തുടരാന്‍ സാധിക്കാതെ വന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തല്‍പെട്ട 50 വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠന പിന്തുണ നല്‍കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഷെല്‍ട്ടര്‍ ആരംഭിച്ചത്. കേരളത്തില്‍ നിലമ്പൂരിനു പുറമെ  ഇടുക്കിയിലാണ് ഇത്തരത്തില്‍ ഷെല്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ ഷെല്‍ട്ടറിലെ വിവിധ ക്ലാസുകളിലായി പഠിക്കുന്ന 50 കുട്ടികളില്‍ മൂന്നു പേരാണ് ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.  അവര്‍ മികച്ച വിജയം കൈവരിച്ചത് വലിയ നേട്ടവും അഭിമാനവുമായി സമ്രഗ്ര ശിക്ഷ വിലയിരുത്തുന്നു. മൂവരും ചക്കാലക്കുത്ത് എന്‍.എസ്.എസ് സ്‌കൂളിലാണ് പഠിച്ച് പരീക്ഷ എഴുതിയത്.
വിജയിച്ച കുട്ടികളെ സമഗ്ര ശിക്ഷാജില്ലാ പ്രോജക്ട് ഓഫീസര്‍ എന്‍. നാസറിന്റെ  നേതൃത്വത്തില്‍ വീടുകളില്‍ പോയി അനുമോദിച്ചു. പ്രോഗ്രാം ഓഫീസര്‍ പി. എസ്.മുരളീധരന്‍, ബി.പി.ഒ കെ.ജി.മോഹനന്‍, എന്‍.എസ്.എസ് ചക്കാലക്കുത്തിലെ അധ്യാപകന്‍ ടി. കെ. ഗോപാലകൃഷ്ണന്‍, ട്യൂട്ടര്‍ സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠന തുടര്‍ച്ച നല്‍കുന്നതിനും ഇതുവരെ സ്‌കൂളുകളില്‍  എന്റോള്‍ ചെയ്യപ്പെടാത്ത പട്ടികവര്‍ഗ്ഗക്കാരായ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനും ഔട്ട് ഓഫ് സ്‌കൂള്‍ എന്ന പദ്ധതി സമഗ്ര ശിക്ഷയ്ക്കു കീഴില്‍ നടത്തിവരുന്നു.

 

date