Skip to main content

മുപ്പതിനായിരം കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി  കൈറ്റിന്റെ മൊബൈല്‍ ആപ് നിര്‍മാണ ക്യാമ്പ്

സംസ്ഥനത്തെ 30000 'ഹായ് സ്‌കൂള്‍' കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ക്രിസ്മസ് അവധിക്കാലത്ത് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രത്യേക മൊബൈല്‍ ആപ് നിര്‍മ്മാണ പരിശീലനം നല്‍കും. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച 'ഇ@ഉത്സവ് 2017' ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പരിശീലനം നല്‍കും. ഡിസംബര്‍ 27 മുതല്‍ 30 വരെ വിവിധ ബാച്ചുകളായാണ് പരിശീലനം.
    ഡ്രാഗ് ആന്റ് ഡ്രോപ് മാതൃകയില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറായ ആപ് ഇന്‍വെന്റര്‍ ഉപയോഗിച്ചാണ് പരിശീലനം നല്‍കുക. 
    അമേരിക്കയിലെ പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് നിലവില്‍ ആപ് ഇന്‍വെന്ററിനുള്ള പിന്തുണ നല്‍കുന്നത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്മസ് ഗാനം കേള്‍പ്പിക്കുന്ന ക്രിസ്മസ് ആപ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്, മൊബൈലില്‍ മീഡിയ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ആപ്, കൈറ്റിന്റെ വിവിധ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നതിന് സഹായിക്കുന്ന കൈറ്റ് സൈറ്റ്‌സ് ആപ് തുടങ്ങിയവയാണ് ആപ് ഇന്‍വെന്റര്‍ വഴി കുട്ടികള്‍ തയ്യാറാക്കുക.
    പരിശീലനത്തിന് എല്ലാ സബ് ജില്ലകളിലും കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പി.എന്‍.എക്‌സ്.5383/17

date