Skip to main content

ജില്ലയില്‍ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി 619 വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ജില്ലയിലെ വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തുടങ്ങി. വോട്ടെണ്ണല്‍ നടപടികള്‍ക്കായി 619  ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. 244 മൈക്രോ ഒബ്‌സര്‍വര്‍മാരെയും 216 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയും  230 കൗണ്ടിങ് സ്റ്റാഫിനെയുമാണ്  ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. ഗസ്റ്റഡ് റാങ്കിലുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയമിച്ചിട്ടുള്ളത്. മറ്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇ.വി.എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ നിന്ന് കൗണ്ടിങ് സെന്ററിലെ ടേബിളുകളിലേക്ക്  ഓരോ റൗണ്ടിലേക്കുമുള്ളവ എത്തിച്ച ശേഷമാണ് വോട്ടെണ്ണല്‍ നടക്കുക. വോട്ടര്‍മാരുടെ എണ്ണത്തിനനുസരിച്ച് ഒരു മണ്ഡലത്തില്‍ ശരാശരി 12 ടേബിളുമുണ്ടാവും. ഓരോ ടേബിളിലും  കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, കൗണ്ടിങ് മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ വീതമുണ്ടാവും. ഇതിനു പുറമെ  അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകമായി ടേബിളുണ്ടാവും.
കൗണ്ടിങിന്റെ ആദ്യ  റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. അടുത്ത റാന്‍ഡമൈസേഷന്‍ പൊതുനിരീക്ഷകരുടെ നേതൃത്വത്തില്‍ നടക്കും.  ഉദ്യോഗസ്ഥര്‍ക്ക് ഏത് കേന്ദ്രത്തിലാണ് ഡ്യൂട്ടി, ടേബിള്‍ തുടങ്ങിയ കാര്യങ്ങള്‍ അടുത്ത റാന്‍ഡമൈസേഷനില്‍ അറിയും.  വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം മേയ് 16,17 തീയതികളിലായി പ്ലാനിങ് സെക്രട്ടറിയേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും.

ജില്ലയില്‍ മലപ്പുറം, പൊന്നാനി   ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായാണ്  നടക്കുന്നത്.  മലപ്പുറം മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവണ്‍മെന്റ് കോളജിലും, പൊന്നാനിയിലേത് മലപ്പുറം സെന്റ് ജെമ്മാസ് കോളജിലും, മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. വയനാട് മണ്ഡലം ഉള്‍പ്പെടുന്ന ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവ.മാനവേദന്‍ വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും. നാലു കേന്ദ്രങ്ങളിലും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിച്ചു വരുന്നു.

 

date