Skip to main content

സപ്ലൈകോ ക്രിസ്മസ്  ജില്ലാ വിപണനമേളയ്ക്കു തുടക്കം

 

 

ആലപ്പുഴ: സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന സപ്ലൈകോ ക്രിസ്മസ് ജില്ലാ വിപണന മേളയ്ക്കു തുടക്കം. ആലപ്പുഴ മുല്ലയ്ക്കൽ പുന്നപ്ര-വയലാർ ഹാളിൽ പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ വിപണനമേള ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മൂലം രാജ്യം മുഴുവൻ വിലക്കയറ്റ സ്ഥിതി നിലനിൽക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങൾക്ക് സബ്‌സിഡി കേന്ദ്രം അനുവദിക്കാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ വിപണിവിലയേക്കാൾ വളരെകുറഞ്ഞ വിലയിൽ ജനങ്ങൾക്ക് എത്തിക്കുന്നതിൽ സപ്ലൈകോയുടെയും ഭക്ഷ്യ-പൊതുവിതരണവകുപ്പിന്റെയും പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ഡി. ലക്ഷ്മണൻ ആദ്യവിൽപ്പന നിർവഹിച്ചു. സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, റീജണൽ മാനേജർ ബെന്നി ജോസഫ്, താലൂക്ക് സപ്ലൈ ഓഫീസർ കണ്ണൻ, ഡിപ്പോ മാനേജർ വേലുച്ചാമി എന്നിവർ പ്രസംഗിച്ചു. 

 

അരി, പച്ചരി, പഞ്ചസാര, ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, ഗ്രീൻപീസ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നീ ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. ഡിസംബർ 24 വരെ രാവിലെ 9.30 മുതൽ വൈകിട്ട് ഏഴു വരെയാണ് മേള. (പി.എൻ.എ.3050/17)

date