Skip to main content

ജയിൽക്ഷേമ ദിനാഘോഷം കുറ്റവാളി രൂപപ്പെടുന്നത് സാമൂഹത്തിലെ സങ്കീർണതകളിൽനിന്ന്: മന്ത്രി ജി. സുധാകരൻ

 

ആലപ്പുഴ: സമൂഹത്തിലെ സങ്കീർണതകളിൽനിന്നാണ് കുറ്റവാളി രൂപപ്പെടുന്നതെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴ ജില്ലാ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 

പലരൂപത്തിലും നീതി ലഭിക്കാതെ വരുന്ന സാഹചര്യം ശക്തമായി നിലനിൽക്കുമ്പോൾ കുറ്റവാസന പലരിലും ഉടലെടുക്കാം. ജയിലിലെ അടിസ്ഥാന സൗകര്യത്തിന് ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. ജയിലിൽനിന്ന് ഇറങ്ങുന്നവരിൽ തിരികെ അവിടേക്ക് വരരുതെന്ന ബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്കു മുൻഗണന നൽകുന്നു. ജയിൽ നിയമങ്ങളിൽ കൂടുതൽ പരിഷ്‌കാരം വേണം. ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ മനശാസ്ത്ര-സാമൂഹിക സമീപനം വേണമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ ജഡ്ജി കെ.എം. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദക്ഷിണൺമേഖല ജയിൽ ഡിഐ.ജി. ബി. പ്രദീപ് വണ്ടാനം ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജിൽ തടവുകാർക്കായി നിർമിച്ച പുതിയ സെല്ലിന്റെ ഉദ്ഘാടനം നിർവഹിച്ചു. 

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ചലച്ചിത്രഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ സമ്മാനം വിതരണം ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രൻ, നഗരസഭാംഗം എ.എം. നൗഫൽ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, ജില്ലാ ജയിൽ സൂപ്രണ്ട് കെ.വി. ജഗദീശൻ, കെ.ജെ.എസ്.ഒ.എ. സംസ്ഥാന പ്രസിഡന്റ് കെ.ആർ. രാമഭദ്രൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജിമ്മി സേവ്യർ എന്നിവർ പ്രസംഗിച്ചു. 

 

(പി.എൻ.എ.3049/17)

date