Skip to main content

ദാര്‍ശനിക പൈതൃകം ജനങ്ങളില്‍ എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം:  മന്ത്രി ജി. സുധാകരന്‍

 

ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ക്ക് പുറമെ നാടിന്റെ ദാര്‍ശനിക പൈതൃകം ജനങ്ങളില്‍ എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ് പൊതുമരാമത്ത് വകുപ്പ്  മന്ത്രി ജി. സുധാകരന്‍. സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരുനക്കര മൈതാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളില്‍ ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല. പുതിയ തലമുറയ്ക്ക് ദാര്‍ശനിക മൂല്യങ്ങളെക്കുറിച്ച് ബോധ്യമില്ല. കാലത്തെ അതിജീവിച്ച് നില്‍ക്കുന്ന പ്രതിഭയായ വിവേകാനന്ദന്റെ സന്ദര്‍ശനത്തിന്റെയും ജീവിത സൂക്തങ്ങളുടെയും  പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുകയെന്ന മഹത്തായ ഉദ്യമമാണ് ഇതിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.  ജനങ്ങളോടൊപ്പം നിലകൊള്ളുന്ന ആദ്ധ്യാത്മികതയ്ക്ക് മാത്രമാണ് നിലനില്‍പ്പുളളത്. ഭൗതികതയും ആദ്ധ്യാത്മികതയും തുല്യയളവില്‍ കോര്‍ത്തിണക്കേണ്ടത് ആവശ്യമാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ വിവേകാനന്ദനും ശ്രീനാരായണ ഗുരുവും ബുദ്ധനും പരമഹംസനുമൊക്കെ പറഞ്ഞ തത്ത്വങ്ങള്‍ ഒന്നാണ്. അദ്ധ്വാനത്തിലൂടെ ആത്മീയ സാക്ഷാത്ക്കാരം കണ്ടെത്തുവാനാണ് ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി ശ്രമിക്കേണ്ടത്. കെ. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് ആമുഖ പ്രഭാഷണം നടത്തി. സ്വാമി നന്ദാത്മജാനന്ദ മഹാരാജ്, ബി. ശശികുമാര്‍, പ്രൊഫ. കെ.ആര്‍ ചന്ദ്രമോഹന്‍, ഡോ. പോള്‍ മണലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എം.ജി ബാബുജി സ്വാഗതവും സ്വാഗത സംഘം പബ്ലിസിറ്റി കണ്‍വീനര്‍ സോമന്‍ നട്ടാശ്ശേരി നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി മാമ്മന്‍ മാപ്പിളഹാളില്‍ നിന്നും ആരംഭിച്ച  മാനവിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിച്ചു.   

                                                    (കെ.ഐ.ഒ.പി.ആര്‍-2144/17)

 

date