Skip to main content

സുരക്ഷയ്ക്ക് പരിശീലനം:  ആര്‍.ഡി.ഒ സംസ്ഥാനത്തിന് മാതൃകയാകുന്നു

    അവിചാരിതമായുണ്ടാവുന്ന ഏത് ആപത്ഘട്ടങ്ങളെയും അക്രമങ്ങളെയും സമചിത്തതയോടെയും ധൈര്യത്തോടെയും നേരിടുന്നതിന് കേരള പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന ക്‌ളാസ് വിജയകരമായി പൂര്‍ത്തിയാക്കി കളക്ടറേറ്റിലെ ആര്‍.ഡി.ഓ ഓഫീസ് സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്നു.  സംസ്ഥാനത്ത് ആദ്യമായാണ് വനിതാ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നത്.
    തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ 20 മണിക്കൂര്‍ പരിശീലനത്തിന് മുന്‍കൈയെടുത്തത് ആര്‍.ഡി ഓഫീസിലെ കമ്മിറ്റിയുടെ അദ്ധ്യക്ഷ കൂടിയായ സബ്കളക്ടര്‍ ദിവ്യ. എസ് അയ്യരാണ്.  പരിശീലനത്തിലൂടെ ജീവനക്കാരുടെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയര്‍ന്നതായി സബ്കളക്ടര്‍ അഭിപ്രായപ്പെട്ടു. ഉച്ചത്തില്‍ പ്രതികരിക്കാനും, അക്രമിയുടെ കണ്ണ്, മൂക്ക്, ചെവി, ജനനേന്ദ്രിയം തുടങ്ങി ശരീരത്തിലെ മര്‍മ്മഭാഗങ്ങളില്‍ എങ്ങനെ ക്ഷതമേല്‍പ്പിച്ച് കായിക ശക്തി കുറഞ്ഞ ഒരാള്‍ക്ക്    രക്ഷപ്പെടാമെന്നതും, ചെറിയ ചെറിയ പ്രതിരോധങ്ങളിലെ സ്വയംരക്ഷ ഉറപ്പു വരുത്താമെന്നതുമായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.  ജോലിക്ക് ഭംഗം വരാത്ത തരത്തില്‍ ഉച്ചഭക്ഷണ സമയത്താണ് പരിശീലനത്തിനുള്ള സമയം കണ്ടെത്തിയതെന്നും  അവര്‍ പറഞ്ഞു. കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു  സബ്കളക്ടര്‍.
     സമാപന ചടങ്ങില്‍ വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സെക്രട്ടറിയും ഗാനരചയിതാവുമായ എം.ആര്‍ ജയഗീത മുഖ്യപ്രഭാഷണം നടത്തി.  ശബ്ദം കൊണ്ടും പ്രവൃത്തികൊണ്ടും ചിന്തകൊണ്ടും സ്ത്രീക്ക് സ്വന്തം രക്ഷ ഉറപ്പാക്കാമെന്ന് തെളിയിക്കുന്ന പരിശീലനം ഏറെ സ്വാഗതാര്‍ഹവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  മുഖ്യപരിശീലക സുള്‍ഫത്ത് ബീവി, പരിശീലകരായ ജയമേരി അതുല്യ എന്നിവരും പരിശീലനം പൂര്‍ത്തിയാക്കിയ 19 ജീവനക്കാരും   പ്രതിരോധമുറകള്‍ പ്രദര്‍ശിപ്പിച്ചു. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ കേരളപോലീസിന്റെ   സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലന ക്യാമ്പ്  സ്ഥിരമായി നടക്കുന്നതായും ജീവനക്കാര്‍ അത് പ്രയോജനപ്പെടുത്താന്‍ പരമാവധി ശ്രമിക്കണമെന്നും പരിശീലകര്‍ അറിയിച്ചു.  ആര്‍.ഡി.ഒ ജീവനക്കാരിയായ സീന ചടങ്ങിന് സ്വാഗതം പറഞ്ഞു.
 

date