Skip to main content

കെ.എസ്.ആര്‍.ടി.സി യുടെ വെറ്റ് ലീസ് സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ്  ബസുകള്‍ നിരത്തിലിറങ്ങി

കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന-ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കായുള്ള സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഓടിത്തുടങ്ങി.  പ്രിമിയംക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കുന്നതിനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണീ സംരംഭം.  ബെംഗളുരു, മണിപ്പാല്‍, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തില്‍ സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് വാടക ബസുകള്‍ ഓടിക്കുക

അന്തര്‍ സംസ്ഥാന റൂട്ടുകളിലും ദീര്‍ഘദൂര സര്‍വീസുകളിലും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പിന്‍വലിച്ച് ഇവിടെ കോര്‍പ്പറേഷന്‍ വാടകയ്ക്ക് എടുക്കുന്ന ആഡംബര ബസുകളാകും ഇനി ഓടുക.  ഇതിനായി സ്‌കാനിയ കമ്പനിയുമായാണ് കോര്‍പ്പറേഷന്‍ ധാരണയിലെത്തിയത്.  ബസും ഡ്രൈവറും സ്‌കാനിയ കമ്പനി നല്‍കുന്ന രീതിയിലുള്ള വെറ്റ് ലീസ് കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി.  കണ്ടക്ടറും ഡീസലും കെ.എസ്.ആര്‍.ടി.സി വകയായിരിക്കും. അറ്റകുറ്റപ്പണികള്‍, ടോള്‍, പെര്‍മിറ്റ് തുടങ്ങിയവ കമ്പനിയുടെ ചുമതലയില്‍ ആയിരിക്കും.  വാടക സംവിധാനം ലാഭകരമെന്നു കണ്ടാല്‍ പദ്ധതി മറ്റു ദീര്‍ഘദൂര റൂട്ടുകളിലേക്കും കെ.എസ്.ആര്‍.ടി.സി വ്യാപിപ്പിക്കും.

പുതിയ ബോഡി കോഡ് വ്യവസ്ഥയുള്ള 46 സീറ്റുകളാകും ഒരു ബസിലുള്ളത്.  ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സര്‍വീസ് സംവിധാനവും ഉണ്ടായിരിക്കും.  കിലോമീറ്ററിന് 23 രൂപ മുതല്‍ വിവിധ സ്ലാബുകളിലായാണ് വാടക നിശ്ചയിച്ചിരിക്കുന്നത്.  തുടക്കത്തില്‍ 10 സ്‌കാനിയ ബസുകള്‍ ഉപയോഗിച്ച് അഞ്ച് സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്യുക.  ഒരു സ്‌പെയര്‍ ബസും കരാറുകാരന്‍ നല്‍കും.  ഉച്ചക്ക് ശേഷം രണ്ട് മണി, 3:15, 5:00, 7:30 സമയങ്ങളില്‍ ബംഗളൂരുവിലേക്ക് സര്‍വീസുകള്‍ ഉണ്ടാകും.  കൊല്ലൂര്‍ മൂകാംബികയിലേക് വൈകിട്ട് 4:00 മണിക്കാണ് സര്‍വീസ് നടത്തുക ബാംഗ്ലൂരിലേക്ക് അഞ്ച് 5:00 മണിക്കും 7:30 മണിക്കും തിരിക്കുന്ന ബസുകള്‍ ബാംഗളൂരിലെ വ്യവസായ മേഖലയായ പീനിയ വരെ സര്‍വീസ് നടത്തും.  ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തു നിന്നും തിരിക്കുന്ന ബസ് രാവിലെ 4:40 നു ബംഗളൂരുവില്‍ എത്തിച്ചേരും.  

തുടര്‍ന്ന് ആറ് മണിക്ക് ഇതേ ബസ് കോഴിക്കോട്ടേക്ക് പുറപ്പെടും.    ഉച്ചക്ക് ശേഷം രണ്ട് മണിക്ക് ആ ബസ് കോഴിക്കോട്ടു നിന്നും തിരിച്ചു രാത്രി 8:30 നു ബംഗളൂരുവില്‍ എത്തിച്ചേരും.  

പി.എന്‍.എക്‌സ്.4681/17
 

date