Skip to main content

വിശപ്പു രഹിത കേരളം പദ്ധതി: സഹായം നൽകാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകും-മന്ത്രി പി.തിലോത്തമൻ

 

ആലപ്പുഴ: ആശ്രയവും വരുമാനവുമില്ലാത്തവർക്ക്  ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായും ഉച്ച ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവർക്ക്   സൗജന്യ നിരക്കിലും നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള വിശപ്പു രഹിത കേരളം പദ്ധതിയ്ക്ക് സഹായം നൽകുന്നതിന്   വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവസരം നൽകുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ പറഞ്ഞു. പുതുവർഷാരംഭത്തിൽ  ആലപ്പുഴ നഗരസഭയിൽ തുടക്കമിടുന്ന പദ്ധതിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്  കള്ക്ടറേറ്റിൽ ചേർന്ന  സന്നദ്ധ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗതികൾക്ക് വീടുകളിലെത്തിക്കേണ്ട  രണ്ട് നേരത്തെ ഭക്ഷണത്തിനും  ഇവ നൽകുന്നതിന്  രണ്ടര ലിറ്റർ വരുന്ന സ്റ്റെയിൻലെസ് സ്റ്റീൽ നിർമ്മിതമായ 700 കാസറോളുകൾ  , അടപ്പുള്ള ചെറിയ കറി പാത്രങ്ങൾ, ഉച്ച ഭക്ഷണ കേന്ദ്രത്തിലേയ്ക്ക്  മേശകൾ ,കസേരകൾ,   ഭക്ഷണം കഴിക്കുന്നതിനുള്ള സ്റ്റീൽ പാത്രങ്ങൾ, ഗ്ലാസ്സുകൾ എന്നിവകൾ ലഭ്യമാക്കുന്നതിനാണ് സഹായം ആവശ്യമായിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഇവ വാങ്ങി നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യാം. ഇതിനായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ടി.വി അനുപമ വിശദീകരിച്ചു.ഭക്ഷണം പാചകം ചെയ്യുന്നതിന് ആധുനിക സൗകര്യങ്ങളുള്ള അടുക്കള സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പാചകത്തിന് സ്വന്തം സംവിധാനം ഉണ്ടാകുന്നതുവരെ ഭക്ഷണം തയ്യാറാക്കി നഗരത്തിലെ വിതരണ കേന്ദ്രത്തിലെത്തിക്കുന്നതിന് പി.കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ സഹായം തേടിയിട്ടുണ്ട്. വീടുകളിൽ ഭക്ഷണം ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറായിട്ടുണ്ട്.അർഹതയുള്ളവർ തന്നെയാണ് ലിസ്റ്റിലുള്ളതെന്ന് പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ അഡ്വ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ എൻ.ഹരിപ്രസാദ്, അമ്പലപ്പുഴ തഹസിൽദാർ ആശ.സി. എബ്രഹാം വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. 

 

 

(പി.എൻ.എ.3056/17)

date