Skip to main content

മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനും സ്‌കൂള്‍ കുട്ടിക്കുട്ടം

മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാന്‍ ഇനി സ്‌കൂള്‍ കുട്ടികളും. ജില്ലയിലെ രണ്ടായിരത്തോളം 'ഹായ് സ്‌കൂള്‍ കുട്ടിക്കുട്ടം' അംഗങ്ങള്‍ക്കാണ് ക്രിസ്മസ് അവധിക്കാലത്ത് മൊബൈല്‍ ആപ്പ് നിര്‍മ്മാണവും പരിശീലിപ്പിക്കുന്നത്. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നേതൃത്വം നല്‍കുന്ന പരിശീലനം ഈ മാസം 27 മുതല്‍ 30 വരെയാണ്. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി നടത്തിയ 'ഇ @ ഉത്സവ് 2017' ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തുടര്‍ പരിശീലനത്തിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചിട്ടുള്ളത്. ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ക്രിസ്മസ് ഗാനം കേള്‍പ്പിക്കുന്ന ആപ്പ്, ടൈപ്പ് ചെയ്യുന്നത് അതുപോലെ കേള്‍പ്പിക്കുന്ന ആപ്പ് എന്നിവയുള്‍പ്പെടെ രസകരങ്ങളായ ആപ്പുകളുടെ നിര്‍മ്മാണം പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ സ്വായത്തമാക്കും.      ജില്ലയിലെ ഏഴ് സബ് ജില്ലകളിലായി തെരഞ്ഞെടുത്ത 75 സ്‌കൂളുകളിലാണ് ഇത് നടക്കുക. സംസ്ഥാനത്ത് ആകെ 30000 കുട്ടികളാണ് ഈ ദിവസങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുക. ഡ്രാഗ് ആന്റ് ഡ്രോപ്പ് മാതൃകയില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറായ ആപ്പ് ഇന്‍വെന്റര്‍ ഉപയോഗിച്ചാണ് പരിശീലനം.  ഇതിനോടനുബന്ധിച്ചുള്ള  ജില്ലാ റിസോഴ്‌സ് അധ്യാപകരുടെ പരിശീലനം 21, 22 തീയതികളിലായി കൈറ്റ് ജില്ലാ ഓഫീസിലും കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂളിലുമായി നടക്കും.
 

date