Skip to main content

സ്വാമി വിവേകാനന്ദ സ്മരണയിൽ ജില്ല; നവ്യദൃശ്യാനുഭൂതിയായി നവോത്ഥാന ദൃശ്യസന്ധ്യ

 

ആലപ്പുഴ: സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ പ്രധാന്യം വിളിച്ചോതി 'വിവേകാനന്ദസ്പർശം' ജില്ലാതല ആഘോഷം. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച വിവേകാനന്ദ സ്പർശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർമാൻ തോമസ് ജോസഫ് നിർവഹിച്ചു. ആശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. 

 

ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ വിവേകാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. ഭരണഭാഷ ആഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പു നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ ടി.വി. അനുപമ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവേകാനന്ദസ്പർശം പരിപാടിയോടനുബന്ധിച്ച് കെ.എസ്.എഫ്.ഡി.സി. സംഘടിപ്പിച്ച ക്വിസ്, ഉപന്യാസരചന മത്സരങ്ങളിലെ വിജയികൾക്ക് കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി സമ്മാനങ്ങളും കാഷ് അവാർഡും വിതരണം ചെയ്തു.

 

നഗരസഭാംഗം എസ്. കവിത, ഡെപ്യൂട്ടി കളക്ടർ അതുൽ എസ്. നാഥ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കെ.എസ്.എഫ്.ഡി.സി. സെക്രട്ടറി വി. പുഷ്പാംഗദൻ, ഐ.-പി.ആർ.ഡി. അസിസ്റ്റന്റ് എഡിറ്റർ എ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.

 

ഭാരത് ഭവന്റെ നേതൃത്വത്തിൽ അരങ്ങേറിയ നവോത്ഥാന ദൃശ്യസന്ധ്യ കാണികൾക്ക് പുത്തൻ ദൃശ്യാനുഭവമൊരുക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഭാരത് ഭവന്റെ നേതൃത്വത്തിൽ 70 കലാകാരന്മാർ അണിനിരക്കുന്ന പരിപാടി ആലാപനം, നാടകം, ചലച്ചിത്രം, നൃത്ത-ചിത്രകലാ പരിപാടികളുടെ സമന്വയമായി. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച കാലം മുതലുള്ള നവോത്ഥാന ചരിത്രം ആലാപനം, നാടകം, ചലച്ചിത്രം, നൃത്ത-ചിത്രകലാ പരിപാടികളിലൂടെ കാണികൾക്കു പകർന്നു നൽകി. നാടക-ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് വകുപ്പ്,  ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ, സാക്ഷരത മിഷൻ, ആലപ്പുഴ പ്രസ്‌ക്ലബ്, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ, സ്മാരക സമിതികൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ സ്‌കൂളുകളിൽ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്ന് സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.

 

(പി.എൻ.എ.3073/17)

date