Skip to main content

               സ്വാമി വിവേകാനന്ദന്‍ കേരള നവോത്ഥാനത്തിന് തുടക്കമിട്ടു:  മന്ത്രി എ.കെ. ബാലന്‍

           

കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥത്തില്‍  കേരള നവോത്ഥാനത്തിന് തുടക്കമിടുകയായിരുന്നുവെന്ന് നിയമ-സാംസ്കാരിക-പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവും, ഡോ: പല്‍പ്പുവും വിവേകാനന്ദ സ്വാമികളെ കണ്ടുമുട്ടുന്നതാണ് നവോത്ഥാന കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനമായ രണ്ട് സംഭവങ്ങള്‍. സ്വാമി വിവേകാനന്ദന്‍റെ കേരള സന്ദര്‍ശനത്തിന്‍റെ 125-ം വാര്‍ഷികാഘോഷമായ വിവേകാനന്ദ സ്പര്‍ശം   പാലക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള നവോത്ഥാനത്തിന്‍റെ ജനകീയ മുഖമായ ശ്രീനാരായണ ഗുരുവും, പ്രതിരോധ മുഖമായ അയ്യങ്കാളിയും, വിപ്ലവ മുഖമായ ബ്രഹ്മാനന്ദ ശിവയോഗിയും പരുവപ്പെടുത്തിയ കേരളമനസില്‍ പുരോഗമന ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്.    

പല മഹാന്മാരുടെയും ചിന്തകളെ ശുഷ്കമായ താത്പര്യങ്ങളില്‍ തളച്ചിടാനുള്ള ശ്രമം സംസ്ഥാനത്തുണ്ട്. അതിന് പിന്നില്‍ പ്രത്യേകമായ താത്പര്യങ്ങളാണ്. ആശയങ്ങള്‍ പതിനായിരങ്ങളെ സ്വാധീനിക്കുമ്പോള്‍ ഭൗതിക ശക്തിയായി മാറും. ഇത് രാഷ്ട്രീയത്തെ സ്വാധീനിക്കാനും പിന്നീട്  അധികാരത്തിലേക്ക് മാറാനും കഴിയും. ഈ ആശയത്തോട് അനുകൂലമല്ലെങ്കില്‍ പോലും അത് വ്യക്തികളെ നിയന്ത്രിക്കും. ഇതാണ് രാജ്യത്തെ ഭരണകൂടത്തിന്‍റെ പശ്ചാത്തലം. എന്നാല്‍ കേരളത്തില്‍ അത്തരം സാഹചര്യം അനുവദിക്കില്ല. 
 
കേരളചരിത്രത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയവരെ സ്മരിക്കാന്‍ സാംസ്കാരിക വകുപ്പ് പതിനാല് ജില്ലകളിലും സ്മാരകങ്ങള്‍ തീര്‍ക്കും. രാഷ്ട്രീയമോ മതമോ നോക്കിയല്ല ഇത്തരം ഇടപെടലുകള്‍ നടത്തുക. വിദ്യാര്‍ഥികള്‍ക്കായി സാംസ്കാരിക ടൂറിസം നടപ്പാക്കും. ഇതിലൂടെ കേരള ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെ അവര്‍ പരിചയപ്പെടും. ടൂറിസവുമായി ബന്ധപ്പെടുത്തി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ലോക കള്‍ച്ചറല്‍ കോണ്‍ഗ്രസ്  സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സാംസ്കാരിക വകുപ്പും കേരള സംഗീതനാടക അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ടി.കെ. നാരായണ ദാസ് അധ്യക്ഷത വഹിച്ചു. സംഗീതനാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, കേരള കലാമണ്ഡലം രജിസ്ട്രാര്‍ ഡോ: കെ.കെ. സുന്ദരേശ്വരന്‍, എം. കാസിം, എ.കെ. ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വിവേകാനന്ദ ദര്‍ശനവും ഭാരതീയ ദര്‍ശനവും എന്ന വിഷയത്തില്‍ സെമിനാറും കലാമണ്ഡലത്തിന്‍റെ ആഭിമുഖ്യത്തില്‍ ഓട്ടന്‍തുള്ളലും നടന്നു. 

date