Skip to main content

ഇ.സി.ആര്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് ഏജന്‍സികള്‍ മുഖേന മാത്രം- നോര്‍ക്ക റൂട്ട്സ്

 

     എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്പോര്‍ട്ട് ഉടമകളായ തൊഴിലന്വേഷകര്‍ അനധികൃത ഏജന്റുകളാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാനും തുടര്‍ ദുരിതങ്ങള്‍ ഒഴിവാക്കുവാനും വിദേശകാര്യവകുപ്പിന്റെ ഇ-മൈഗ്രേറ്റില്‍ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രമേ വിദേശകുടിയേറ്റം നടത്താവുയെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  അനധികൃത റിക്രൂട്ടിംഗ് ഏജന്റുകള്‍ നല്‍കുന്ന സന്ദര്‍ശക വിസ പ്രകാരമുള്ള കുടിയേറ്റം നിര്‍ബന്ധമായും ഒഴിവാക്കണമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

    അനധികൃത വിദേശ റിക്രൂട്ടുമെന്റുകളെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പുകള്‍ നോര്‍ക്ക റൂട്ട്സ് പലതവണ നല്‍കിയെങ്കിലും തൊഴിലന്വേഷകര്‍ അനധികൃത ഏജന്റുകളാല്‍ കബളിപ്പിക്കപ്പെടുന്നു. ഇത്തരത്തില്‍ കബളിക്കപ്പെടുന്ന പലരും (ഇ.സി.ആര്‍) പാസ്പോര്‍ട്ട് ഉടമകളാണ്. അഫ്ഗാനിസ്ഥാന്‍, ബഹറിന്‍, ഇന്തോഷ്യ, ഇറാക്ക്, ജോര്‍ദ്ദാന്‍, കുവൈറ്റ്, ലെബനോന്‍, ലിബിയ, മലേഷ്യ, ഒമാന്‍, ഖത്തര്‍, സൗത്ത് സുഡാന്‍, സുഡാന്‍, സൗദിഅറേബ്യ, യു.എ.ഇ, സിറിയ, തായ്ലാന്റ്, യെമന്‍ തുടങ്ങിയ 18  ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന  ഇ.സി.ആര്‍  പാസ്പോര്‍ട്ട് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖാന്തരം തൊഴില്‍ കരാര്‍ നിര്‍ബന്ധമായിരിക്കെ, സന്ദര്‍ശക വിസ നല്‍കിയാണ് അനധികൃത ഏജന്റുകള്‍ ഇവരെ കബളിപ്പിക്കുന്നത്.

    വിദേശതൊഴിലുടമ ഇവരുടെ സന്ദര്‍ശക വിസ തൊഴില്‍ വിസയാക്കി നല്‍കുമെങ്കിലും,  തൊഴില്‍ കരാര്‍  ഇമൈഗ്രറ്റ് സംവിധാനം വഴി തയാറാക്കുന്നില്ല. ഇക്കാരണത്താല്‍ തൊഴിലുടമ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലര്‍ക്കും വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വേതനം, താമസം, മറ്റ് അര്‍ഹമായ ആനുകൂല്യങ്ങള്‍  ലഭിക്കാതെ നിരവധി പേര്‍ തൊഴിലിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ജോലിചെയ്യണ്ടി വരുന്നു. ഇ.സി.ആര്‍ വിഭാഗത്തിലുള്ള പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവര്‍ ഇക്കാര്യത്തില്‍  ജാഗരൂകരായിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

    വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെടുന്ന പലരെയും ഇതിനകം ഇന്‍ഡ്യന്‍ എംബസിയുടെയും, നോര്‍ക്ക-റൂട്ട്സിന്റെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.         (പിഎന്‍പി 1394/19)

date