വായനാപക്ഷാചരണം സംഘാടകസമിതിയായി; ജില്ലാതല ഉദ്ഘാടനം 19ന്
വായനാപക്ഷാചരണം സംഘാടക സമിതിയായി. സംസ്ഥാന സര്‍ക്കാര്‍, ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് വായനാ പക്ഷാചരണം നടത്തുന്നത്.
ജൂണ്‍ 19ന് പി എന്‍ പണിക്കര്‍ ചരമദിനം മുതല്‍ ജൂലൈ ഏഴ് ഐവി ദാസ് ജന്മദിനം വരെയാണ് വായനാപക്ഷാചരണം. 19ന് ജില്ലാ തല ഉദ്ഘാടനം മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. വായനശാലകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 19ന് പിഎന്‍ പണിക്കര്‍ അനുസ്മരണത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ജൂലൈ ഒന്നിന് പി കേശവ് ദേവിന്റെയും അഞ്ചിന് വൈക്കം മുഹമ്മദ് ബഷീറിന്റെയും അനുസ്മരണത്തിന്റെ ഭാഗമായി പുസ്തക ചര്‍ച്ച നടത്തും. വായനശാലകളുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ എഴുത്ത് പെട്ടി, വനിതാ വേദികളുടെ നേതൃത്വത്തിലുള്ള വായനാകൂട്ടം രൂപീകരണം, പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനം, സ്‌കൂള്‍ ലൈബ്രറി, ക്ലാസ് റൂം ലൈബ്രറി സജ്ജീകരിക്കല്‍, ലഹരി വിരുദ്ധ സദസ്സ്, പുസ്തക സമാഹരണം എന്നിവയും നടക്കും. ജൂലൈ നാലിന് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വായനാമത്സരം, ഏഴിന് വിവിധ കേന്ദ്രങ്ങളില്‍ ഐവി ദാസ് അനുസ്മരണവും യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും നടക്കും. എട്ടിന് എല്‍പി, യുപി വായനാ മത്സരത്തിന്റെ പ്രാഥമിക മത്സരം നടക്കും. 29ന് മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മാറുന്ന കേരളവും വായനയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എഡിഎമ്മിന്റെ ചേമ്പറില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എഡിഎം ഇ മുഹമ്മദ് യൂസുഫ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടിപി നിര്‍മലാദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി ആര്‍ പ്രഭാകരന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി എം ബാലന്‍, കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി വാസുപ്രദീപ്, കെ ഗോപി, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, മുന്‍സിപ്പല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പള്‍ ടി ഒ വേണുഗോപാലന്‍, എ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്(രക്ഷാധികാരി), കലക്ടര്‍ മീര്‍ മുഹമ്മദലി(ചെയര്‍മാന്‍), ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു(ജനറല്‍ കണ്‍വീനര്‍), പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍(കണ്‍വീനര്‍).
പി എന്‍ സി/1992/2019
- Log in to post comments