Skip to main content

പഴശ്ശിയിലും വായാട്ടും നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതികള്‍ മണ്ണ്-ജല സംരക്ഷണം ചര്‍ച്ച ചെയ്ത് നീര്‍ത്തട ഗ്രാമസഭ

തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായി നീര്‍ത്തട ഗ്രാമസഭ സംഘടിപ്പിച്ചു. പഴശ്ശി എഎല്‍പി സ്‌കൂളില്‍ ജെയിംസ് മാത്യു എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 2019-20 വര്‍ഷത്തെ ബജറ്റില്‍ മണ്ഡലത്തിലെ നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പഴശ്ശി, പരിയാരം ഗ്രാമപഞ്ചായത്തിലെ വായാട് നീര്‍ത്തടങ്ങളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും.
മണ്ണ് ജല സംരക്ഷണ വകുപ്പിന്റെ 60 ലധികം ഉദ്യോഗസ്ഥര്‍ മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് പൈലറ്റ് പദ്ധതിക്കായി മൂന്ന് കോടി രൂപ വകയിരുത്തിയത്. ജലസംരക്ഷണവും മഴവെള്ള സംഭരണവും, ജൈവ കൃഷി, ഊര്‍ജ്ജ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, വരുമാന വര്‍ധന സംരഭങ്ങള്‍ തുടങ്ങി നീര്‍ത്തടാധിഷ്ഠിത വികസന കാഴ്ചപ്പാടില്‍ ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, കൃഷി-വനം വകുപ്പുകള്‍, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് തുടങ്ങിയവയെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. പഴശ്ശി, വായാട് നീര്‍ത്തടങ്ങള്‍ക്കായി സമിതി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ചടങ്ങില്‍ കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി വസന്തകുമാരി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ പി അബ്ദുള്‍ സമദ്, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, ലാന്റ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എ നിസാമുദ്ദീന്‍, സിഡബ്ലുആര്‍ഡിഎം സയന്റിസ്റ്റ് ബാബു മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/1997/2019

 

date