കുടുംബശ്രീയ്ക്കു കീഴിൽ മാളയിൽ സ്മാർട്ട് അഗ്രി വില്ലേജ് ഒരുങ്ങുന്നു
കേരളത്തിന്റെ തനത് കാർഷിക സംസ്‌കാരത്തിന്റെ നഷ്ടപ്പെട്ട ഖ്യാതി തിരിച്ചുപിടിയ്ക്കുക എന്ന ലക്ഷ്യത്തൊടെ സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ സ്മാർട്ട് അഗ്രി വില്ലേജ് പദ്ധതി ജില്ലയിൽ മാളയിൽ നടപ്പിലാക്കുന്നു. ജില്ലയിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് ഒരു വർഷത്തിനുളളിൽ കാർഷിക ഗ്രാമമാക്കുക എന്നതാണ് സ്മാർട്ട് അഗ്രി വില്ലേജ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്. മാള പഞ്ചായത്തിലെ 507 ഹെക്ടർ വിസ്തീർണ്ണമുളള കുരിയിച്ചിറ കോട്ടുപാടം തോടാണ് സ്മാർട്ട് അഗ്രി വില്ലേജിനായി ദത്തെടുക്കുക. കുടുംബശ്രീയുടെ സംഘകൃഷി ഗ്രൂപ്പുകളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുക. നെല്ല്, അടയ്ക്ക, വാഴകൃഷി, ജാതി, കുരുമുളക്, ഇഞ്ചി, കപ്പ, റബർ, പച്ചക്കറി തുടങ്ങിയ കൃഷികൾക്കു പുറമേയായി മത്സ്യകൃഷി, കന്നുകാലി വളർത്തൽ, മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ എന്നിവയും ഉണ്ടാകും. ഒരേ കാർഷിക വിളയിലോ, ഒരേ സംരംഭകത്വ പ്രവർത്തനങ്ങിളിലോ ഏർപ്പെട്ട കർഷകരെ ഒരേ കുടക്കീഴിൽ കൊണ്ടുവരുവാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിലൂടെ ഒരു പ്രദേശത്തെ കാർഷിക പ്രവർത്തനങ്ങൾക്ക് പൊതുസ്വാഭാവം കൈവരിക്കുക വഴി അവയുടെ ഉന്നമനമാണ് ലക്ഷ്യം. കാർഷികവൃത്തിയിൽ ഏർപ്പെട്ട കുടുംബശ്രീ വനിതകളാണ് പദ്ധതിയുടെ പ്രഥമ ഗുണഭോക്താക്കൾ. ഇവർക്കു പുറമേ കൃഷി ഉപജീവനമാർഗമാക്കിയവർക്കും പദ്ധതിയിൽ പങ്കു ചേരാൻ താൽപര്യമുളളവർക്കും ഗുണഭോക്താക്കളാവാൻ സാധിക്കും.
- Log in to post comments