Skip to main content

മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന;  മൂന്നു സ്ഥാപനങ്ങള്‍ക്ക്  നോട്ടീസ് നല്‍കി

കല്‍പ്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ മത്സ്യവ്യാപാര കേന്ദ്രങ്ങളില്‍ വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പഴകിയതും കേടായതുമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.  പിണങ്ങോട് ഗുഡ്‌സ് ഓട്ടോയില്‍ കച്ചവടം ചെയ്യുകയായിരുന്ന മത്സ്യവും പടിഞ്ഞാറത്തറ എസ്.ആര്‍.എം. ഫിഷ് സ്റ്റാളില്‍ നിന്നുമാണ് കേടായ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്നു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മത്സ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് 50:50 എന്ന തോതില്‍ ഐസ് ചേര്‍ത്ത് സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ വില്‍പന പാടില്ലെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. 
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലയിലെ  മത്സ്യവ്യാപാര കേന്ദ്രങ്ങളിലും ചെക്ക്‌പോസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫോര്‍മാലിന്‍, അമോണിയ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങളുപയോഗിച്ചായിരുന്നു പരിശോധന. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ എം.കെ രേഷ്മ, നിഷ പി. മാത്യു, ഫിഷറീസ് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എ.ഐ നിഖില, സന്ദീപ് കെ.രാജു എന്നിവര്‍ പരിശോധനയക്ക് നേതൃത്വം നല്‍കി.  വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെ മത്സ്യവില്‍പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
 

date