Skip to main content

നിയമസഭയുടെ വജ്രജൂബിലി ആഘോഷം മഹാരാജാസില്‍ നവംബര്‍ 6, 7 തീയതികളില്‍

കൊച്ചി: കേരള നിയമസഭയുടെ ജില്ലാതലത്തിലുള്ള വജ്രജൂബിലി ആഘോഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മഹാരാജാസ് കോളേജില്‍ നടക്കും. ഉദ്ഘാടനം, സെമിനാര്‍, ഡിബേറ്റ് മത്സരം, കലാപരിപാടികള്‍, നിയമസഭാ മ്യൂസിയം പ്രദര്‍ശനം തുടങ്ങിയവയാണ് രണ്ടു ദിവസങ്ങളിലായി നടക്കുക. നിയമസഭയും ജില്ലാ ഭരണകൂടവുമാണ് സംഘാടകര്‍.

തിങ്കളാഴ്ച്ച രാവിലെ 10.30ന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ആഘോഷം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ എസ്. ശര്‍മ്മ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ കൂടിയായ പ്രൊഫ. എം.കെ. സാനു മണ്‍മറഞ്ഞ മുന്‍ നിയമസഭാംഗങ്ങള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കും. മേയര്‍ സൗമിനി ജയിന്‍, പ്രൊഫ. കെ.വി. തോമസ് എം.പി, ജില്ലയില്‍ നിന്നുള്ള നിയമസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസത്തെ നിയമസഭാ ചരിത്രപ്രദര്‍ശനം ഇംഗ്‌ളീഷ് മെയിന്‍ ഹാളില്‍ നടക്കും. ഫിസിക്‌സ് ഗ്യാലറിയില്‍ നിയമസഭയെ കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനവും സംഘടിപ്പിക്കും.

കേരള നിയമസഭ നടത്തിയ നിയമനിര്‍മാണങ്ങള്‍ വ്യവസായ പുരോഗതിയില്‍ വഹിച്ച പങ്കിനെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉച്ചയ്ക്ക് ശേഷം രണ്ടിന് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി കെ. ചന്ദ്രന്‍പിള്ള വിഷയാവതരണം നടത്തും. വി.ഡി. സതീശന്‍ എം.എല്‍.എ, പി. രാജു, വി.ജെ. ജോസഫ്, ഷാജി വര്‍ഗീസ്, വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി കെ.എന്‍. സതീഷ്, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് കലോത്സവ വിജയികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ചൊവ്വാഴ്ച്ച രാവിലെ 11ന് മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഡിബേറ്റ് മത്സരം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 

പ്രൊഫ. എം.കെ. സാനു രക്ഷാധികാരിയായും എഡിഎം എം.കെ. കബീര്‍ കണ്‍വീനറായും രൂപീകരിച്ച ജനകീയസമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ്. ശര്‍മ്മ എംഎല്‍എ ചെയര്‍മാനും ജില്ല കളക്ടര്‍ കണ്‍വീനറും നിയമസഭ സെക്രട്ടറി എക്‌സ്. ഒഫീഷ്യോ സെക്രട്ടറിയും ജില്ലയിലെ എംഎല്‍എമാര്‍ അംഗങ്ങളുമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

നിയമസഭയുടെ വജ്രജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ജില്ലയ്ക്ക് അഭിമാനാര്‍ഹമായി മാറണമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. പരിപാടിയുടെ നടത്തിപ്പിന് ഏവരുടെയും സഹകരണവും അദ്ദേഹം അഭ്യര്‍ഥിച്ചു.

date