Skip to main content

83 വീടുകളും പൂര്‍ത്തിയായി - സമ്പൂര്‍ണ്ണ വിജയം കുറിച്ച് സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

മഹാ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്ന സഹകരണ വകുപ്പിന്‍റെ കെയര്‍ ഹോം പദ്ധതി കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ്ണ വിജയം കുറിച്ച് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്ന 83 വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി. 80 വീടുകളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. ശേഷിക്കുന്ന മൂന്നു വീടുകളുടെ താക്കോല്‍ ദാനം ഈ മാസം 30ന് മുന്‍പ് നടക്കുമെന്ന്  സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാര്‍ കെ. ഷിബു ജേക്കബ് പറഞ്ഞു.
 

രണ്ടാം ഘട്ടത്തില്‍ നൂറു കുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചത്തിന് അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം രണ്ടര ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഒരേക്കര്‍ സ്ഥലത്താണ് ഫ്ളാറ്റ് നിര്‍മിക്കുന്നത്. 
 

വൈക്കം-60, കോട്ടയം-13, ചങ്ങനാശേരി-10 എന്നിങ്ങിനെയാണ് ഒന്നാം ഘട്ടത്തില്‍ വിവിധ താലൂക്കുകളില്‍ നിര്‍മിച്ച വീടുകളുടെ എണ്ണം. 36 സഹകരണ ബാങ്കുകള്‍ക്കായിരുന്നു ഇവയുടെ നിര്‍മാണച്ചുമതല. ജില്ലയിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും ബാങ്കുകളുടെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്ന സഹകരണ കര്‍മ്മ സേന പദ്ധതിയുടെ തുടക്കം മുതല്‍ സജീവ പങ്കാളിത്തം വഹിച്ചു. പടിഞ്ഞാറന്‍ മേഖലയില്‍ വാഹനങ്ങള്‍ എത്താത്ത സ്ഥലങ്ങളില്‍ സഹകരണ കര്‍മ്മ സേന അംഗങ്ങള്‍ തലച്ചുമടായാണ് നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്. 
 

അഞ്ഞൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. അംഗങ്ങള്‍ കൂടുതലുള്ള കുടുംബങ്ങള്‍ക്കായി വീടുകളുടെ വിസ്തീര്‍ണം വര്‍ധിപ്പിക്കേണ്ടിവന്നു. ഇതിനു വേണ്ടിവന്ന ചിലവ് അതത് സഹകരണ ബാങ്കുകളാണ് വഹിച്ചത്. 

 

ആകെ 4,49,87,170 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.  ഒരോ വീടിനും സഹകരണ വകുപ്പില്‍നിന്നും നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 95100 രൂപയുമാണ് ചെലവിട്ടത്. ഫെബ്രുവരി 26ന് സംസ്ഥാന സര്‍ക്കാരിന്‍റെ ആയിരം ദിനാഘോഷച്ചടങ്ങില്‍ കുലശേഖരമംഗലം വിജയവിലാസത്തില്‍ പത്മാക്ഷിയമ്മയ്ക്കാണ് പദ്ധതിയിലെ ആദ്യ വീടിന്‍റെ താക്കോല്‍ നല്‍കിയത്

date