Skip to main content

അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബുകള്‍ നല്‍കി; സേവനങ്ങള്‍ ഇനി വീടുകളിലും

 

അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് സേവനങ്ങള്‍ ഇനി വീടുകളില്‍ ലഭ്യമാകും. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ്, ആധാര്‍ അപ്ഡേഷന്‍,  ക്ഷേമനിധി പെന്‍ഷനു വേണ്ടിയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നീ സേവനങ്ങള്‍ വീടുകളില്‍ നല്‍കുന്നതിനായി ജില്ലയിലെ 131 അക്ഷയ കേന്ദ്രങ്ങള്‍ക്ക് ടാബ്ലെറ്റുകള്‍ വിതരണം ചെയ്തു.  

ജില്ലയില്‍ 190 അക്ഷയ കേന്ദ്രങ്ങങ്ങളാണുള്ളത്. ഇതില്‍  ആധാര്‍ ഓപ്പറേറ്റര്‍ പരീക്ഷ വിജയിച്ച സംരംഭകര്‍ക്കാണ് ടാബുകള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ പി.കെ സുധീര്‍ ബാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു.  സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് അക്ഷയ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ കളക്ടര്‍ നിര്‍ദേശിച്ചു. 

ഇ ഡിസ്ട്രിക്, രജിസ്ട്രേഷന്‍, വോട്ടര്‍ ഐഡി തുടങ്ങി സര്‍ക്കാരിന്‍റെ എല്ലാ ഓണ്‍ലൈന്‍  സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പ്രായപൂര്‍ത്തി യായവരുടെ ആധാര്‍ എന്‍റോള്‍മെന്‍റ് ജില്ലയില്‍ പൂര്‍ത്തിയായി. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളുടെ എന്‍റോള്‍മെന്‍റ് 86 ശതമാനം കഴിഞ്ഞു. 

 ചടങ്ങിനോടനുബന്ധിച്ച്  അക്ഷയ സംരംഭകര്‍ക്കായി നൈപുണ്യവികസന പരിശീലനം നടത്തി. മാസ്റ്റര്‍ ട്രെയിനര്‍ ഹിരേഷ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. അക്ഷയ കേന്ദ്രങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ സംരംഭകര്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി. മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന അക്ഷയ മിഷന്‍ കണ്ടന്‍റ് ഡെവലപ്മെന്‍റ് വിഭാഗം മാനേജര്‍ ബിജു സി. മാത്യു,  ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപാറ, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ മാത്യു കെ. എബ്രഹാം, ഐടി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കെ. തോമസ്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ് എന്നിവര്‍ പങ്കെടുത്തു.

date