Skip to main content

റീ പോളിംഗ്: കമ്മീഷന്‍ നല്‍കിയത് കള്ളവോട്ടിനെതിരായ  ശക്തമായ സന്ദേശമെന്ന് ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് അവകാശം ദുരുപയോഗപ്പെടുത്തി ഒരു കള്ളവോട്ടെങ്കിലും നടന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന സന്ദേശമാണ് ജില്ലയില്‍ റീ പോളിംഗ് നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പങ്കാളികളായ ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷം അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നുള്ളത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം വരുന്ന തെരഞ്ഞെടുപ്പുകളില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ലഭിക്കുന്ന ജില്ലയാണ് കണ്ണൂര്‍. ഇവിടെ നടക്കുന്ന ചെറിയകാര്യങ്ങള്‍ക്ക് പോലും വലിയ പ്രചാരം ലഭിക്കും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തുക എന്നുള്ളത്  എളുപ്പമുള്ള കാര്യമല്ല. കണ്ണൂരിന്റെ റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് വിജയകരമായി ഒരു തെരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ മികച്ച ഫലമുണ്ടാവുക എന്നതാണ് സര്‍വീസില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന എറ്റവും വലിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ ആര്‍ ഒമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ഇ ആര്‍ ഒമാര്‍, തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ചടങ്ങില്‍ അനുമോദിച്ചു. സബ് കലക്ടര്‍ ആസിഫ് കെ യൂസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ കെ രമേന്ദ്രന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പി എന്‍ സി/2113/2019

 

date