Skip to main content

സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് തുടക്കം

സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.  വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സി. കെ ആശ എം.എല്‍.എ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. 

നഗരസഭ ചെയര്‍മാന്‍ പി. ശശിധരന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം ജില്ലാ പഞ്ചായത്ത് അഗം പി.സുഗതനും സസ്യ സംരക്ഷണ ഉപകരണങ്ങളുടെ വിതരണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വൈ. ജയകുമാരിയും ഉദ്ഘാടനം ചെയ്തു. 

കൃഷി വകുപ്പ് 2012-13 മുതല്‍ നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിക്കായി ഈ വര്‍ഷം ഒന്നാം ഗഡുവായി 3.066 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ ഉല്‍പാദിക്കുന്നതിനു വേണ്ടി ഓണത്തിനൊരു മുറം പച്ചക്കറി  എന്ന ഘടകപദ്ധതി കൃഷി വകുപ്പ് മൂന്ന് വര്‍ഷമായി നടപ്പിലാക്കി വരുന്നു. ഇതിനായി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. പത്തു രൂപയുടെ അഞ്ചിനം പച്ചക്കറി വിത്തുകളടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. 

ജില്ലയിലെ 1.5 ലക്ഷം കര്‍ഷകര്‍ക്ക് കൃഷി ഭവന്‍ വഴിയും  മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ വഴിയും കിറ്റുകള്‍ വിതരണം ചെയ്യും. ഇതിനു പുറമെ സന്നദ്ധ സംഘടനകള്‍ മുഖേന മുപ്പതിനായിരം കിറ്റുകള്‍ നല്‍കുന്നുണ്ട്. രണ്ടര രൂപ വിലയുള്ള പത്ത് ലക്ഷം പച്ചക്കറി തൈകളും ലഭ്യമാക്കും. 
 
ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഉഷാകുമാരി, പി. ശകുന്തള, പി.എസ്. മോഹനന്‍, ലതാ അശോകന്‍, പി.വി. ഹരിക്കുട്ടന്‍, നഗരസഭാ അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന നായര്‍ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക സെമിനാറിന് റിട്ട. കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ഐ ഷെരീഫ് നേതൃത്വം നല്‍കി.

date