പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ജില്ലയിലെ സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
കാസര്‍കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ നടക്കുന്ന സ്‌കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം തിരുവനന്തപുരത്ത് നടന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) മേല്‍നോട്ടത്തില്‍ നിലവില്‍ അഞ്ച് കോടി രൂപയുടെ അഞ്ച് സ്‌കൂളുകളും മൂന്ന് കോടി രൂപയുടെ 12 സ്‌കൂളുകളുമാണ് ആദ്യ രണ്ടു ഘട്ടങ്ങളിലായി ജില്ലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍ അഞ്ച് കോടി വിഭാഗത്തില്‍ കക്കാട് ഗവ. എച്ച്.എസ്.എസ് സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാകും. പിലിക്കോട്, മോഗ്രാല്‍, പെരിയ, എന്നീ സ്‌കൂളുകളുടെ 50% ത്തിലധികം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഇവ സെപ്തംബറോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. തളങ്കര സ്‌കൂളിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിയാണ് തുടങ്ങിയത്.
മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ബന്തടുക്ക, ചായോത്ത്, ചെര്‍ക്കള സെന്‍ട്രല്‍ എന്നീ സ്‌കൂളുകള്‍ ജൂലൈയിലും കുട്ടമത്ത്, ബെല്ലിക്കോത്ത്, ബെളാന്തോട് സ്‌കൂളുകള്‍ ഡിസംബറിലും പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മാലോത്ത് കസബ, മൊഗ്രാല്‍, കാഞ്ഞങ്ങാട്, അഡൂര്‍ സ്‌കൂളുകള്‍ റീ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ 25-നാണ് അവസാന തീയതി. കുണ്ടംകുഴി, ഉദുമ സ്‌കൂളുകള്‍ ധനകാര്യ അനുമതിയ്ക്കായി കിഫ്ബിയുടെ പരിഗണനയിലാണ്. മുഴുവന്‍ സ്‌കൂളുകളുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാനും ഈ അധ്യയനവര്‍ഷം തന്നെ പൂര്‍ത്തിയാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. സ്‌കൂളുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തല്‍സ്ഥിതി www.kite.kerala.gov.in ല്‍ ലഭ്യമാണ്.
- Log in to post comments