Skip to main content

പെരുന്തോട് നവീകരണം അമ്പത് ശതമാനം പൂർത്തിയായി;  പെരുമ വീണ്ടെടുക്കാൻ സ്‌കൂൾ വിദ്യാർത്ഥികളും

നാടിന്റെ വികസനത്തിന് മാറ്റ്കൂട്ടുന്ന പെരുന്തോട്-വലിയതോട് നവീകരണത്തിന് പങ്കാളിത്തം വഹിച്ച് സ്‌കൂൾ വിദ്യാർത്ഥികളും. പെരുന്തോടിന്റെ നവീകരണപ്രവർത്തനങ്ങൾ അമ്പത് ശതമാനം പൂർത്തീകരിച്ച വേളയിലാണ് കഴുവിലങ്ങ് ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ തോടിന്റെ ജലസമൃദ്ധി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടായെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്ന ആദ്യത്തെ തോടാണ് പെരുന്തോട്-വലിയതോട്. തോടിനേയും പ്രകതിയേയും സംരക്ഷിക്കുക എന്നെഴുതിയ ബാനറുകളുമേന്തിയ 22 കുട്ടികളാണ് മരം നടാനെത്തിയത്. ഞാവൽ, മാവ്, ആത്ത തുടങ്ങിയ 25 ഫലവൃക്ഷങ്ങളാണ് തോടിന് ഇരുകരകളിലുമായി നട്ടത്. ഇവയുടെ സംരക്ഷണവും കുട്ടികൾ തന്നെ ഏറ്റെടുക്കുമെന്ന് മരം നടലിന് നേതൃത്വം നൽകിയ പ്രിൻസിപ്പൽ കെ.എം. സിജി പറഞ്ഞു.

രണ്ടാം ഘട്ട നവീകരണത്തിൽ 6950 മീറ്റർ പുനരുദ്ധാരണപ്രവൃത്തി 31393 തൊഴിൽദിനങ്ങൾ സൃഷ്ടിച്ച് അമ്പത് ശതമാനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതായി മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസി. കെ.കെ. അബീദലി പറഞ്ഞു. 10,477,590 രൂപയാണ് ഇതിനകം ചെലവായ തുക. 4625 മീറ്റർ കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാൻ സാധിച്ചു. പുനരുദ്ധാരണപ്രവർത്തനത്തിന്റെ ഭാഗമായി ഭൂഗർഭജലത്തിന്റെ അളവ് വർദ്ധിക്കുകയും സമീപവാസികൾക്ക് മത്സ്യം, പച്ചക്കറി കൃഷികൾ എന്നിവയിലൂടെ വരുമാനമാർഗം വർദ്ധിച്ചതായും അദ്ദേഹം പറയുന്നു. പെരുന്തോടിന്റെ ഓരങ്ങൾ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇരുവശവും നടപ്പാതകൾ നിർമ്മിക്കുകയും വിശ്രമപാതകൾ ഒരുക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചു. രാമച്ചം, പുല്ല്, മുള എന്നിവ നട്ട് മണ്ണൊലിപ്പ് തടയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ലൂയിസ് വാൽവുകൾ, തടയണ എന്നിവ നിർമ്മിച്ച് വയോജനങ്ങൾക്ക് വിശ്രമസമയം ചെലവഴിക്കുന്നതിന് വേണ്ടിയുള്ള സൗകര്യമൊരുക്കും. തോടിന് ഇരുവശവും സോളാർ ദീപവിതാനമൊരുക്കാനും പദ്ധതിയുണ്ട്.

മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന 14.7 കി.മീ നീളത്തിൽ പരന്നുകിടക്കുന്ന പെരുന്തോട് ഏതാനും വർഷം മുമ്പ് വരെ തീരദേശമേഖലയിലെ പ്രധാന ഉൾനാടൻ ജലഗതാഗതമാർഗ്ഗവും ജലസ്രോതസ്സുമായിരുന്നു. മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിന് മുമ്പ് പ്രധാന ഗതാഗതമാർഗവും പുരാതനകാലത്തെ ചരക്കുഗതാഗത മാർഗവുമായിരുന്നു. മത്സ്യബന്ധനം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഉപജീവനമാർഗവുമായിരുന്നു. പിന്നീട് അനധികൃതകൈയേറ്റങ്ങൾ വന്നതോടെ തോടിന്റെ പെരുമ നശിച്ചു. വേനലറുതിയും വരൾച്ചയും രൂക്ഷമായതോടെയാണ് അനധികൃതകൈയേറ്റങ്ങൾ ഒഴിവാക്കി, മാലിന്യം നീക്കി ആഴംകൂട്ടി പെരുന്തോട് സംരക്ഷിക്കാൻ മതിലകം ബ്ലോക്ക് പഞ്ചായത്ത് തീരുമാനിക്കുന്നത്. തുടർന്ന് 2017 മാർച്ച് 17ന് സർക്കാരിന്റെ ഹരിതമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൈപ്പമംഗലം നിയോജകമണ്ഡലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ ചെയർമാനായും പെരുന്തോട് കടന്നുപോകുന്ന പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് എന്നീ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ കൺവീനർമാരായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജനറൽ കൺവീനറായും സമിതി രൂപീകരിച്ച് പെരുന്തോട് പുനരുദ്ധാരണപ്രവൃത്തിക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും ക്ലബ്ബുകളും സന്നദ്ധസംഘടനകളും വിദ്യാർത്ഥികളും നവീകരണത്തിൽ പങ്കാളികളായി.

date