ദേശീയ വിദ്യാഭ്യാസ നയം - സംസ്ഥാനതല സെമിനാർ ആലപ്പുഴയിൽ
ചെങ്ങന്നൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആലപ്പുഴ ജില്ല വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 25 ചൊവ്വാഴ്ച 'ദേശീയ വിദ്യാഭ്യാസ നയം - 2019 ' എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. ആലപ്പുഴ എൻ.ജി.ഒ യൂണിയൻ ഹാളിൽ രാവിലെ 10ന് നടക്കുന്ന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും.
രാജ്യത്തെ വിദ്യാഭ്യാസത്തെപ്പറ്റി പുതിയ കാഴ്ചപ്പാടുകൾ വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗവേഷണ പ്രവർത്തനങ്ങളെ പഠനവിധേയമാക്കി സ്വയം നവീകരിച്ച് മുന്നോട്ടു പോകുന്നതിനും വേണ്ടി കേന്ദ്ര ഗവണ്മെന്റ് നിർദേശ പ്രകാരം തയ്യാറാക്കിയതാണ് ദേശീയ വിദ്യാഭ്യാസ നയരേഖ - 2019.
സെമിനാറിൽ 5 പ്രബന്ധങ്ങൾ അവതരിപ്പിക്കും. സ്‌കൂൾ വിദ്യാഭ്യാസവും അധ്യാപക വിദ്യാഭ്യാസവും (ഡോ.സി ഗോകുലദാസൻ പിള്ള, മുൻ കരിക്കുലം മേധാവി, എസ്.സി.ഇ.ആർ.ടി. കേരളം), ഉൾച്ചേരൽ വിദ്യാഭ്യാസം (ഡോ. ടി.കെ.അബ്ബാസ് അലി, റിസർച്ച് ഓഫീസർ, എസ്.സി.ഇ.ആർ.ടി, കേരളം), ഉന്നത വിദ്യാഭ്യാസം (ഡോ.എം. ഓമനശീലൻ, അസി.പ്രൊഫ, ഗവ. ബ്രണ്ണൻ ട്രെയിനിംഗ് കോളേജ്, തലശ്ശേരി, എസ്.സി.ഇ.ആർ.ടിയും ഡയറ്റും ( എൻ.ശ്രീകുമാർ ,ഗവേണിംഗ് ബോഡി മെമ്പർ, എസ്.സി.ഇ.ആർ.ടി കേരളം), വിലയിരുത്തൽ (ഡോ. വിധു പി നായർ, എൻ.സി.എഫ്.സി മെമ്പർ) എന്നിവയാണ് പ്രബന്ധങ്ങൾ. ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ മോഡറേറ്ററായിരിക്കും.
ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.കെ.ടി മാത്യു,ഡയറ്റ് വിഷൻ 2025 പ്രകാശനം ചെയ്യും. ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ.ജി മനോജ്കുമാർ മുഖ്യസന്ദേശം നൽകും. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ്, ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ തുടങ്ങിയവർ സംസാരിക്കും.
- Log in to post comments