Skip to main content

പ്രളയാനന്തര പുനർനിർമ്മാണം: അപ്പീലുകളിൽ വേഗത്തിൽ പരിശോധന നടത്തും: കളക്ടർ

വളരെ യോഗ്യതയുണ്ടായിട്ടും ഒഴിവായിപ്പോയവരെ ഉൾപ്പെടുത്താൻ വേണ്ടി മാത്രമാണ് 2018ലെ പ്രളയക്കെടുതിയിൽ വീടുകൾക്കുണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ ദീർഘിപ്പിച്ചതെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ വീട് നിർമ്മിച്ചുനൽകുന്ന പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ. അപ്പീലുകളിൽ അടിയന്തിരമായി പരിശോധന നടത്താൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ജൂലൈ 15നുള്ളിൽ അന്വേഷണം പൂർത്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനാണ് സർക്കാർ നിർദേശമെന്ന് കളക്ടർ അറിയിച്ചു.
വീട് നിർമ്മാണത്തിനായി തുക അനുവദിച്ച ശേഷവും നിർമ്മാണത്തിന്റെ ഓരോ ഘട്ടവും പരിശോധിക്കാൻ വില്ലേജ് ഓഫീസർമാർക്ക് കളക്ടർ നിർദേശം നൽകി. പാസായ ധനസഹായം കൊടുക്കാൻ കൂടുതൽ സമയം എടുക്കരുത്. സ്പോൺസർഷിപ്പ് മുഖേന പണി പൂർത്തിയാക്കിയ വീടുകളെക്കുറിച്ചുള്ള വിവരം വില്ലേജ് ഓഫീസർമാർ ശേഖരിക്കണം. അവരുടെ പേരുകൾ അർഹരുടെ പട്ടികയിൽനിന്ന് ഒഴിവാക്കണം. അവർക്ക് തുടർധനസഹായം നൽകേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.
സ്ഥലം വാങ്ങി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയിൽ ഉൾപ്പെട്ട വിവരം ഗുണഭോക്താക്കളെ അറിയിക്കണം. സ്ഥലം വാങ്ങാൻ ആറ് ലക്ഷവും വീടിന് നാല് ലക്ഷവുമാണ് ഇതുപ്രകാരം നൽകുന്നത്. പ്രളയത്തിൽ ഭൂമി പൂർണമായും വാസയോഗ്യമല്ലാതായവർക്കും പുറമ്പോക്കിൽ താമസിക്കവേ വീട് നഷ്ടപ്പെട്ടവർക്കുമാണ് ഇതുപ്രകാരം സഹായം നൽകുന്നത്. കാലതാമസമെടുക്കാതെ ഭൂമി കണ്ടെത്തണം. പട്ടയം നൽകേണ്ടവർക്ക് പട്ടയം നൽകാനും ഉടൻ നടപടി സ്വീകരിക്കണം. സർക്കാറിലേക്ക് വ്യക്തികൾ ദാനം ചെയ്ത ഭൂമിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആവശ്യക്കാർക്ക് പതിച്ചുകൊടുക്കാൻ കളക്ടർ നിർദേശം നൽകി. യോഗത്തിൽ എ.ഡി.എം റെജി പി. ജോസഫ്, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സി. ലതിക, ആർ.ഡി.ഒ പി.എ വിഭൂഷൺ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർ, എൻജിനീയർമാർ തുടങ്ങിയവർ പങ്കെടുത്തു.

date