വീട്ടില്‍ ഒരു വേപ്പും കറിവേപ്പിലയും: ഗൃഹചൈതന്യം മൂന്നാഘട്ടത്തിന് തുടക്കമായി
കറിവേപ്പില, ആര്യവേപ്പ് തുടങ്ങി നമുക്കാവശ്യമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കണമെന്നും എന്തിനും ഏതിനും വിപണിയെ ആശ്രയിക്കുന്ന മനോഭാവത്തിന് മാറ്റം വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ഗൃഹചൈതന്യം പദ്ധതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക അഭിവൃദ്ധിയാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. കാര്‍ഷിക സംസ്‌കാരം വളര്‍ത്തിക്കൊണ്ടു വരുന്നതിനും സംരക്ഷിക്കുന്നതിനും നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യരുതെന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുന്നതിനായി ഒരു വീട്ടില്‍ കറിവേപ്പും ആര്യവേപ്പും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഗൃഹചൈതന്യം. പദ്ധതിയുടെ മൂന്നാം ഘട്ടമാണ് ഇവിടെ ആരംഭിച്ചത്. കണ്ണൂര്‍, ഇരിട്ടി, കല്ല്യാശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ എന്നീ അഞ്ച് ബ്ലോക്കുകളിലായി 32 ഗ്രാമപഞ്ചായത്തുകളില്‍ തൈകള്‍ വിതരണം ചെയ്യും. പദ്ധതിയുടെ ഒന്നാം ഘട്ടം പാട്യം പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലാണ് രണ്ടാം ഘട്ടം നടപ്പിലാക്കിയത്. ഔഷധ സസ്യബോര്‍ഡാണ് വിത്തുകള്‍ ലഭ്യമാക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തുകളിലെ നഴ്സറികളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആര്യവേപ്പിന്റെയും കറിവേപ്പിന്റെയും തൈകള്‍ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും എത്തിച്ച് അവ നട്ടുവളര്‍ത്തുകയും അതിലൂടെ ഗ്രാമപഞ്ചായത്തുകളെ ഔഷധസസ്യ ഗ്രാമങ്ങളാക്കി മാറ്റുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഔഷധ സസ്യബോര്‍ഡ് അംഗം ഇ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി ഗോവിന്ദന്‍ പദ്ധതി വിശദീകരച്ചു. ജെപിസി ഇന്‍ ചാര്‍ജ്ജ് എ ജി ഇന്ദിര, ഔഷധ സസ്യബോര്‍ഡ് കണ്‍സല്‍ട്ടന്റ് പി കെ രാജന്‍, എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/2180/2019
- Log in to post comments