Skip to main content

അടച്ചുറപ്പുള്ള വീടെന്ന സൈനബയുടെ സ്വപ്‌നം  സാക്ഷാത്കരിച്ച് കെയര്‍ ഹോം പദ്ധതി;  ഒന്നാം ഘട്ടം ജില്ലയില്‍ പൂര്‍ത്തിയായി

ഏറെ കാലത്തെ ഉമ്മയുടെ ആഗ്രഹമായിരുന്നു അടച്ചുറപ്പുള്ളൊരു വീട്, ഈ സ്വപ്‌നം സാക്ഷാത്കരിച്ചതിന് ശേഷമാണ് ഉമ്മ പോയതെന്ന് പറയുമ്പോള്‍ സൈനബയുടെ തൊണ്ടയിടറിയിരുന്നു. മഹാ പ്രളയത്തില്‍ ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന റുഖിയയ്ക്കും മകള്‍ സൈനബയ്ക്കും കെയര്‍ ഹോം പദ്ധതി പ്രകാരം മൗവ്വഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ വീടുവെച്ചു നല്‍കിയത്. സര്‍ക്കാര്‍ ധനസഹായമായ 5.95 ലക്ഷം രൂപയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സംഭാവനയായി ലഭിച്ച 1.19 ലക്ഷം രൂപയും ചേര്‍ത്തായിരുന്നു വീട് നിര്‍മ്മാണം.
ഫെബ്രുവരി 26 നായിരുന്നു ഡിസംബറില്‍ നിര്‍മ്മാണം ആരംഭിച്ച വീടിന്റെ താക്കോല്‍ദാനം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് മെയ് മാസം റുഖിയ മരണപ്പെട്ടു. സൈനബയും ഇവര്‍ക്ക് കൂട്ടായി മൂത്ത സഹോദരിയായ മറിയുമ്മയുമാണ്  ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു വീടിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും സര്‍ക്കാര്‍ വീടു നിര്‍മ്മിച്ചുനല്‍കിയത് ഒരു സ്വപ്‌നമായിട്ടാണ് തോന്നുന്നതെന്നും സൈനബ പറഞ്ഞു. 
കെയര്‍ ഹോം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 20 വീടുകളാണ് ജില്ലയില്‍ നിര്‍മ്മിച്ചത്.  മുഴുവന്‍ വീടുകളുടെയും താക്കോല്‍ ദാനം ജൂണ്‍ 19 ഓടെ പൂര്‍ത്തിയായി. സര്‍ക്കാര്‍ വിഹിതമായ 99.02 ലക്ഷം രൂപയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച 20 ലക്ഷത്തോളം രൂപയുമുപയോഗിച്ചാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 95,100 രൂപ ഉള്‍പ്പെടെ 4,95,100 രൂപയാണ് ഓരോ വീടിനും സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. സാധാരണ ഭവന പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം വിഹിതം കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കുന്ന വീടിന്റെ പ്ലാനില്‍ മാറ്റം വരുത്താനുള്ള സൗകര്യവും പദ്ധതിയിലൂടെ ഉപഭോക്താവിന് ലഭിച്ചിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് പലരും വീട് നിര്‍മ്മിച്ചിരിക്കുന്നത്. 
ആറളം, പടിയൂര്‍-കല്യാട് ഗ്രാമ പഞ്ചായത്തുകളില്‍ മൂന്ന് വീടുകള്‍ വീതവും കോളയാട്, അയ്യന്‍കുന്ന്, പായം എന്നീ പഞ്ചായത്തുകളില്‍ രണ്ട് വീടുകള്‍ വീതവും കണിച്ചാര്‍, കൊട്ടിയൂര്‍, ചെമ്പിലോട്, കടമ്പൂര്‍, നടുവില്‍, ഇരിക്കൂര്‍, ചെറുപുഴ, രാമന്തളി എന്നീ പഞ്ചായത്തുകളില്‍ ഓരോ വീടുകള്‍ വീതവുമാണ് പദ്ധതി പ്രകാരം നിര്‍മ്മിച്ചത്. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല നിര്‍വഹണ സമിതിയാണ് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം വഹിച്ചത്. 14 സഹകരണ സംഘങ്ങള്‍ക്കാണ് വീട് നിര്‍മ്മാണത്തിന്റെ ചുമതല നല്‍കിയിരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനം ഫെബ്രുവരി 26 ന് നിര്‍വഹിച്ചിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേശകര്‍. 
പി എന്‍ സി/2181/2019

 

date