Skip to main content

ഒളിമ്പ്യന് വീടൊരുങ്ങി:  29 ന് താക്കോല്‍ കൈമാറും 

കേരളത്തിലെ ആദ്യത്തെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മാനുവല്‍ ഫ്രെഡറിക്കിന് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം നാളെ 29 ന്  വൈകിട്ട് 4.30ന് കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. പയ്യാമ്പലത്തിനടുത്ത് പള്ളിയാംമൂലയില്‍ സര്‍ക്കാര്‍ പതിച്ചു നല്‍കിയ അഞ്ച് സെന്റ് ഭൂമിയില്‍ 38 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 
ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍  11 മാസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ വ്യവസായികളുടെ സഹായത്തോടെ ആവശ്യമായ ഫര്‍ണിച്ചറുകളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.  1972 ലെ മ്യൂണിക് ഒളിംമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പറാണ് ഫ്രെഡറിക്. ചടങ്ങില്‍ കെ എം ഷാജി എം എല്‍ എ അധ്യക്ഷത വഹിക്കും.മേയര്‍ ഇ പി ലത, കെ സുധാകരന്‍ എം പി, കെ കെ രാഗേഷ് എം പി,  സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,  ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവര്‍ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുക്കും.
പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എ ഡി എം ഇ മുഹമ്മദ് യൂസുഫ്, കണ്ണൂര്‍ തഹസില്‍ദാര്‍ വി എം സജീവന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍,  വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍, സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. പി പി ബിനീഷ് എന്നിവര്‍ പങ്കെടുത്തു. 
പി എന്‍ സി/2182/2019
 

date