കണ്ണൂര്‍ അറിയിപ്പുകള്‍
വിവരാവകാശ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഇന്നും ജൂണ്‍ 28, 29 തീയതികളില്‍ കണ്ണൂരില്‍ സിറ്റിംഗ് നടത്തും. രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍ പങ്കെടുക്കും.
പി എന്‍ സി/2184/2019
ഭരണാനുമതിയായി
കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷന്‍ നാറാണത്ത് പാലം-ഉദയമംഗലം ഗണപതി ക്ഷേത്രം റോഡ് പുനരുദ്ധാരണ പ്രവൃത്തിക്ക് മത്സ്യബന്ധന തുറമുഖ വകുപ്പില്‍ നിന്നും 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
പി എന്‍ സി/2185/2019
അപേക്ഷ ക്ഷണിച്ചു
സര്‍വ്വെ ഭൂരേഖ വകുപ്പിന് കീഴില്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വ്വെ സ്‌കൂളില്‍ മോഡേണ്‍ സര്‍വ്വെ കോഴ്‌സ്, ചെയിന്‍ സര്‍വ്വെ പരിശീലനം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ, സര്‍വ്വെയര്‍/സിവില്‍, ചെയിന്‍ സര്‍വ്വെ യോഗ്യതയുള്ളവര്‍ക്ക് മോഡേണ്‍ സര്‍വ്വെ കോഴ്‌സിനും എസ് എസ് എല്‍ സി/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ചെയിന്‍ സര്‍വ്വെ കോഴ്‌സിനും അപേക്ഷിക്കാം. പ്രായപരിധി: ജനറല്‍-35, ഒ ബി സി-38, എസ് സി/എസ് ടി-40. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ല്‍ ലഭിക്കും. വിലാസം: പ്രിന്‍സിപ്പല്‍, മോഡേണ്‍ സര്‍വ്വെ സ്‌കൂള്‍, പറശ്ശിനിക്കടവ് പി ഒ, ആന്തൂര്‍, കണ്ണൂര്‍. ഫോണ്‍: 0497 2700513.
പി എന്‍ സി/2187/2019
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് കോഴ്‌സിന്റെ ഒന്നാംവര്‍ഷ പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും www.ccek.org ല്‍ ജൂലൈ 10 വൈകിട്ട് അഞ്ച് മണിവരെ ഓണ്‍ലൈനായി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ കല്യാശേരി മാങ്ങാട്ടുള്ള അക്കാദമി ക്യാമ്പസ്സില്‍ ജൂലൈ 14 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ നടക്കുന്ന പ്രവേശന പരീക്ഷക്ക് ഹാജരാകണം. ഫോണ്‍: 8281098875.
പി എന്‍ സി/2188/2019
സ്ത്രീകളുടേയും കുട്ടികളുടേയും ഹോമില്‍
വിവിധ തസ്തികകളില്‍ നിയമനം
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ്(പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഹോം മാനേജര്‍, സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് എം എസ് ഡബ്ല്യു/എം എ (സോഷ്യോളജി), എം എ (സൈക്കോളജി) യോഗ്യതകളുണ്ടായിരിക്കണം. സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം എസ് സി/എം എ സൈക്കോളജിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി 18 നും 35 നും മധ്യേ. സാമൂഹിക സേവനത്തില്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂലൈ നാലിന് രാവിലെ 10 ന് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പി എന്‍ സി/2189/2019
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2019-20 അധ്യയന വര്‍ഷം ഇക്കണോമിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുളള പാനലില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പാനലിലെ രജിസ്‌ട്രേഷന്‍ നമ്പ്യും സഹിതം ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. യു ജി സി നെറ്റ് യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍: 0467-2241345.
പി എന്‍ സി/2190/2019
മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സ്
കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍ സഹാറ സെന്റര്‍,എ വി കെ നായര്‍ റോഡ്, തലശ്ശേരി/കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് ബില്‍ഡിംഗ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍: 9847925335, 9400096100(തലശ്ശേരി), 9847925335, 0460 2205474 (തളിപ്പറമ്പ്).
പി എന്‍ സി/2191/2019
കുരുമുളക് വള്ളിത്തലകള്‍ വില്‍പനക്ക്
എളയാവൂര്‍ കൃഷിഭവനില്‍ കുരുമുളക് വള്ളിത്തലകള്‍ വിതരണത്തിനായി എത്തിയിട്ടുണ്ട്. 25 സെന്റില്‍ കുറയാത്ത കൈവശഭൂമിയുള്ളവര്‍ നികുതി രശീതി, ദേശസാല്‍കൃത ബേങ്കിന്റെ പാസ് ബുക്ക് കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു .
പി എന്‍ സി/2192/2019
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ക്യാമ്പ് നാളെ
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം പുതുക്കുന്നതിനും കുടിശ്ശിക ഒടുക്കുന്നതിനുമുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയതിന്റെ ഭാഗമായി ജൂണ്‍ 28 രാവിലെ 10.30 മുതല്‍ വലിയന്നൂര്‍ സഹകരണ ബാങ്ക് ഹാളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫോണ്‍: 0497 2705197, 9544576641, 9846501510.
പി എന്‍ സി/2193/2019
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള എസ് ആര്‍ സി ഓഫീസിലും https://srccc.in/download ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15. പഴയങ്ങാടി(9847455338), കൂത്തുപറമ്പ്(9947098488), ന്യൂമാഹി(8714449000), ചക്കരക്കല്‍(9446391015), കണ്ണൂര്‍(0497 2765655, 9048591662) എന്നിവയാണ് ജില്ലയിലെ പഠനകേന്ദ്രങ്ങള്‍. www.src.kerala.gov.in/www.srccc.in ലും വിശദാംശങ്ങള്‍ ലഭിക്കും.
പി എന്‍ സി/2194/2019
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി & ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്, സി എന്‍ സി മെഷിനിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, അഡ്വാന്‍സ്ഡ് റോബോട്ടിക്‌സ് എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 9745479354.
പി എന്‍ സി/2195/2019
വൈദ്യുതി മുടങ്ങും
110 കെ വി സബ്‌സ്റ്റേഷന്‍ പാനൂരില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ നാളെ(ജൂണ്‍ 28) രാവിലെ എട്ട് മണി മുതല്‍ 11 വരെ 110 കെ വി പാനൂര്‍, 110 കെ വി മാഹി, 33 കെ വി പുത്തൂര്‍, 33 കെ വി കോടിയേരി എന്നീ സബ്‌സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി തടസ്സം നേരിടുമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ചപ്പാരപ്പടവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തളിപ്പറമ്പ്, നാടുകാണി, ആലക്കോട് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സൂര്യനഗര്‍, തോട്ടട, ഹോളി റോപ്‌സ്, ചിറക്ക്താഴെ, കെ വി ആര്‍, സിഗ്നേച്ചര്‍ ഹോണ്ട, കാഞ്ഞങ്ങാട്ട് പള്ളി, കുറ്റിക്കകം വായനശാല, വിജയ ടിമ്പര്‍, നടാല്‍ കള്ള് ഷാപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍, നാറാണത്ത് പാലം ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 28) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2169/2019
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെള്ളിലോട്, പടുപാറ, ശിവപുരം, ശിവപുരം എച്ച് എസ് ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിറ്റടി, പരുത്തിക്കാട്, ഏഴിമല ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 28) രാവിലെ പത്ത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാവുങ്കല്‍, കുഞ്ഞിമതിലകം, കുന്നരു, ഇടമുട്ട്, പട്ടുവംകടവ്, പടിഞ്ഞാറെചാല്‍ ഭാഗങ്ങളില്‍ നാളെ(ജൂണ്‍ 28) രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2196/2019
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം : ഡിഎംഒ
ജില്ലയില്‍ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു.
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കള്‍/ചെടികള്‍ എന്നിവ ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് മുതലായവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയുക. ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാവുതാണ്. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ കളഞ്ഞ് ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറക്കുക. മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക. വാഴപ്പോളകളിലും, പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യുക. റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തി വെക്കുക. അടയ്ക്കാ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാള ശേഖരിച്ച് കത്തിച്ചുകളയുക. അല്ലെങ്കില്‍ അവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. അടക്ക വെള്ളത്തിലിട്ടിരിക്കുന്ന പാത്രത്തിന്റെ വായ് തുണി കൊണ്ട് കൊതുകു കടക്കാത്ത വിധം മൂടിക്കെട്ടുക.
ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മുളംകുറ്റികള്‍ വെള്ളം കെട്ടി നില്‍ക്കാത്ത രീതിയില്‍ വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക. ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. മഴക്കാലത്ത് ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടുക. അല്ലെങ്കില്‍ ചാല് കീറി വെള്ളം വറ്റിച്ചുകളയുക. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും നീക്കം ചെയ്യുക. സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല കൊണ്ട് കെട്ടുക. സ്ലാബിനിടയിലെ വിടവുകള്‍, സുഷിരങ്ങള്‍ എന്നിവ സിമന്റ് കൊണ്ട് അടക്കുക. വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ (ഒഡോമോസ്, പുല്‍ത്തൈലം) ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ അറിയിച്ചു.
പി എന്‍ സി/2199/2019
- Log in to post comments