കെട്ടിട നിര്‍മ്മാണ അനുമതി: അപേക്ഷകള്‍ ജൂലൈ നാലിനകം തീര്‍പ്പാക്കണമെന്ന് ജില്ലാ കളക്ടര്‍
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നിര്‍മ്മാണ അനുമതിക്ക് വേണ്ടിയുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കുവാന്‍ ബാക്കിയുള്ളവ ജൂലൈ നാലിനകം തീര്‍പ്പാക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍ദേശിച്ചു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പ്രത്യേക അവലോകന യോഗത്തിലാണു ജില്ലാ കളക്ടറുടെ നിര്‍ദേശം.
കെട്ടിട നിര്‍മ്മാണ പ്ലാനുകളിലെ അപാകതകള്‍ നിമിത്തവും നിര്‍മ്മാണത്തിലെ അപാകതയാലും നിരാക്ഷേപ പത്രങ്ങള്‍(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കുവാന്‍ കഴിയാത്ത കാരണത്താലും തീര്‍പ്പാകാതെ നിലനില്‍ക്കുന്ന അപേക്ഷകളില്‍ ബന്ധപ്പെട്ട ലൈസന്‍സ്ഡ് എഞ്ചിനേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ജൂലൈ ഒന്നിനകം അപാകത തീര്‍ത്തു നല്‍കണം.
നോട്ടീസ് നല്‍കിയിട്ടുള്ള കെട്ടിട ഉടമകളെ പഞ്ചായത്തിലെ റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ നേരിട്ട് കണ്ട് എന്താണ് അപാകതയെന്നും എങ്ങനെ പരിഹരിക്കാമെന്നും പറഞ്ഞു മനസിലാക്കണം. തുടര്‍ന്ന് ഈ റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിമാര്‍ കെട്ടിട ഉടമകളെ ഫോണില്‍ വിളിച്ച് കാരണം വ്യക്തമാക്കണം. എന്നിട്ടും അപാകതകള്‍ പരിഹരിച്ചില്ലെങ്കില്‍ മാത്രമാകണം തീര്‍പ്പാക്കുവാനെന്നും സെക്രട്ടറിമാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.
- Log in to post comments