Skip to main content
    കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗൃഹചൈതന്യം പദ്ധതിയുടെ ജില്ലാതല ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗൃഹചൈതന്യം പദ്ധതി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

    ഔഷധ സമ്പത്ത് പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഗൃഹചൈതന്യം പദ്ധതിയുടെ ജില്ലാതല ശില്പശാല കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.   
ഔഷധസസ്യങ്ങള്‍ വീടുകളില്‍ നട്ടുവളര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പല പദ്ധതികളും പലപ്പോഴും കര്‍ഷകര്‍ അറിയാത്ത സാഹചര്യമുണ്ടെന്നും ഇത്തരം പദ്ധതികള്‍ കര്‍ഷകരുടെ  ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ എല്ലാ വീടുകളിലും ഔഷധസസ്യകൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  
    ശില്പശാലയില്‍ സംസ്ഥാന ഔഷധ ബോര്‍ഡ് അംഗം കെ.വി  ഗോവിന്ദന്‍ അധ്യക്ഷനായി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗവും മെമ്പര്‍ സെക്രട്ടറിയുമായ ഡോ.വി.ബാലകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രൊജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.  

 

date